Advertisement

കർതാർപുർ ഇടനാഴി നവംബർ 8ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും

October 13, 2019
5 minutes Read

രാജ്യത്തെ സിഖ് മതവിശ്വാസികൾ ഏറെ പ്രാധാന്യത്തോടെ കാത്തിരിക്കുന്ന കർതാർപുർ ഇടനാഴി നവംബർ 8ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ബാദലാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. പാക്കിസ്ഥാനിലെയും ഇന്ത്യയിലെയും സിഖ് മത വിശ്വാസികളെ ബന്ധിപ്പിക്കുന്ന ഇടനാഴി യാഥാർഥ്യമാകുന്നതിനെ ചരിത്ര നിമിഷമെന്ന് ഹർസിമ്രത് കൗർ ട്വിറ്ററിൽ കുറിച്ചു. ഇന്ത്യ നിർമിച്ച ഇടനാഴിയുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കുക.

പഞ്ചാബിലെ ഗുരുദാസ്പൂരിനെ പാക്കിസ്ഥാനിലെ സിഖ് തീർത്ഥാടന കേന്ദ്രമായ കർതാർപുർ ദർബാർ സാഹിബ് ഗുരുദ്വാരയുമായി ബന്ധിപ്പിക്കുന്നതാണ് കർതാർപുർ ഇടനാഴി. ഇത് ഉദ്ഘാടനം ചെയ്യുന്നതോടെ ഇന്ത്യയിൽ നിന്നുള്ള വിശ്വാസികൾക്ക് കർതാർപുരിൽ വിസയില്ലാതെ സന്ദർശനം നടത്താനുള്ള അവസരം ഒരുങ്ങും. പ്രത്യേക അനുമതിപത്രം നൽകിയാണ് സന്ദർശനം അനുവദിക്കുന്നത്. പഞ്ചാബിലെ ഗുർദാസ്പുരിലുള്ള ദേര ബാബ നാനാക്കിൽ നിന്നു 4കിലോമീറ്റർ അകലെ പാക്കിസ്ഥാനിലെ നരോവൽ ജില്ലയിൽ കർതാർപുരിലുള്ള ദർബാർ സാഹിബ് ഗുരുദ്വാര വരെയാണ് ഇടനാഴി. സിഖ് മതസ്ഥാപകൻ ഗുരു നാനാക്ക് അന്ത്യവിശ്രമം കൊള്ളുന്നതു ദർബാർ സാഹിബിലാണ്.

 

ഇന്ത്യൻ അതിർത്തിയിൽ നിന്നു കർതാർപുരിലെ ഗുരുദ്വാര വരെയുള്ള ഇടനാഴി പാക്കിസ്ഥാനാണ് നിർമിക്കുന്നത്. പഞ്ചാബിലെ ഗുരുദാസ്പൂർ ജില്ലയിലെ ദേരാ ബാബാ നാനാക്കിൽ നിന്നു അതിർത്തി വരെയുള്ള ഇടനാഴിയുടെ നിർമാണം ഇന്ത്യയും പൂർത്തിയാക്കി. ദിവസം 5000 പേർ വീതം, ആഴ്ചയിൽ 7 ദിവസവും തീർഥാടന സൗകര്യം ഒരുക്കണമെന്ന ഇന്ത്യയുടെ ആവശ്യം പാക്കിസ്ഥാൻ അംഗീകരിച്ചിട്ടുണ്ട്. നിലവിൽ തീർത്ഥാടകർ ലഹോർ വഴി 4 മണിക്കൂറെടുത്താണ് കർതാർപുരിലെത്തുന്നത്. ഇടനാഴി യാഥാർഥ്യമാകുമ്പോൾ ഗുർദാസ്പുരിൽ നിന്ന് 20മിനിറ്റ് മതി കർതാർപുരിലെത്താൻ. പ്രധാനമന്ത്രി നരേന്ദ്രമോദി ഇടനാഴി നവംബർ 8ന് ഉദ്ഘാടനം ചെയ്യും എന്ന് കേന്ദ്രസർക്കാരിന് വേണ്ടി കേന്ദ്രമന്ത്രി ഹർസിമ്രദ് കൗർ അറിയിച്ചു.

നവംബർ 9ന് കർതാർപുർ ഇടനാഴി ഇന്ത്യൻ തീർഥാടകർക്കായി തുറന്നു കൊടുക്കുമെന്ന് പാക്കിസ്ഥാൻ കഴിഞ്ഞ മാസം അറിയിച്ചിരുന്നു. ഗുരുദ്വാരയിലേക്കുള്ള ആദ്യ സർവകക്ഷി തീർഥാടകസംഘത്തെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് നയിക്കും. മുൻ പ്രധാമന്ത്രി ഡോ. മൻമോഹൻ സിങ്ങും സംഘത്തിലുണ്ടാവും. ഇന്ത്യൻ ഭാഗത്തെ ശിലാസ്ഥാപനം 2018 നവംബർ 26ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗും ചേർന്നു നിർവഹിച്ചപ്പോൾ പാക്ക് ഭാഗത്തെ ശിലാസ്ഥാപനം 28ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനാണ് നിർവഹിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top