ലോക്‌സഭ തെരഞ്ഞെടുപ്പ് പരാജയകാരണത്തിൽ സിപിഐഎമ്മിനെ തളളി സിപിഐ: കാനം ട്വന്റിഫോറിനോട്

ലോക്‌സഭ തെരഞ്ഞെടുപ്പ് പരാജയത്തിന് ശബരിമല കാരണമായെന്ന വിലയിരുത്തൽ സിപിഐക്ക് ഇല്ലെന്ന് സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ. സുപ്രീം കോടതി വിധി നടപ്പിലാക്കുക മാത്രമാണ് സർക്കാർ ചെയ്തത്. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന പോലെയാണ് എൻഎസ്എസ് ഇപ്പോൾ പെരുമാറുന്നത്.
ശബരിമല വിഷയത്തിൽ സുപ്രീം കോടതിയിൽ പോയി തോറ്റതിന്റെ വിഷമത്തിലാകും ഇങ്ങനെ പെരുമാറുന്നതെന്നും കാനം പരിഹസിച്ചു. ഉപതെരഞ്ഞെടുപ്പുകൾ സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാകും എന്ന കാര്യത്തിൽ സംശയമില്ലെന്നും കാനം ട്വന്റിഫോറിനോട് പറഞ്ഞു.
ശബരിമലയിലെ യുവതീപ്രവേശം അണികൾക്ക് ആഘാതമായെന്നും വനിതാ മതിൽ വോട്ടായി മാറിയില്ലെന്നും ആണ് സിപിഐഎം തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. വനിതാ മതിലിന് ശേഷം രണ്ട് യുവതികൾ ശബരിമലയിൽ പ്രവേശിച്ചത് യുഡിഎഫും ബിജെപിയും ഉപയോഗപ്പെടുത്തിയെന്നും ഈ പ്രചാരണം അനുഭാവികളിൽ വലിയ ആഘാതം സൃഷ്ടിച്ചുവെന്നും അവലോകന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ജനങ്ങളുടെ മനോഗതി മനസ്സിലാക്കുന്നതിലുണ്ടായ പരാജയം ഗൗരവമേറിയതാണ്. സംസ്ഥാന സർക്കാരിന്റെ പ്രകടനത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ നല്ല അംഗീകാരം ഉണ്ടായിരുന്നെങ്കിലും അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിപ്പിക്കുന്നതിൽ എന്തുകൊണ്ട് പരാജയപ്പെട്ടു എന്നത് പരിശോധിക്കണം എന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
ജനങ്ങൾ അകന്നതും പരമ്പരാഗത വോട്ടിൽ ഒരു ഭാഗത്തിന്റെ വിട്ടു പോകലും മനസ്സിലാക്കാൻ ആഴത്തിലുള്ള അവലോകനം ആവശ്യമാണ്. നാം കണ്ടുപിടിക്കുക മാത്രമല്ല തിരുത്തുക കൂടി ചെയ്യേണ്ട ചില ദൗർബല്യങ്ങളുണ്ടെന്നും തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ പറയുന്നു. ബഹുജന പ്രക്ഷോഭങ്ങളും സമരങ്ങളും നടത്തുന്നതിൽ വർഗ ബഹുജന സംഘടനകൾ സജീവമായിരുന്നു. വലിയ ബഹുജന അണിനിരത്തലുകൾ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നടന്നു. 56 ലക്ഷം സ്ത്രീകൾ പങ്കെടുത്ത ചരിത്രം സൃഷ്ടിച്ച വനിതാമതിലിന് കേരളം സാക്ഷ്യം വഹിച്ചു. ഈ ബഹുജന സമരങ്ങളിൽ അണിനിരന്ന എല്ലാ വിഭാഗങ്ങളും വോട്ടായി പരിവർത്തനം ചെയ്യപ്പെട്ടില്ല.
സമരങ്ങളിൽ പങ്കെടുക്കുന്ന ജനങ്ങളുടെ രാഷ്ട്രീയവൽക്കരണത്തിൽ നിലനിൽക്കുന്ന ദൗർബല്യം അടിയന്തരമായി പരിഹരിക്കണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തങ്ങളുടെ വോട്ടിൽ ഒരു ഭാഗം യുഡിഎഫിന് കൈമാറിയ ശേഷവും 15.56 ശതമാനം വോട്ടുകൾ നേടുന്നതിൽ ബിജെപി വിജയിച്ചു. ഇത് അതിയായ ഉൽകണ്ഠ ഉളവാക്കുന്ന കാര്യമാണ്. കേരളത്തിൽ ബിജെപിയുടെ വളർച്ച തടയുന്നതിനുള്ള ക്ഷമാപൂർവവും ഏകോപിതവുമായ രാഷ്ട്രീയ പ്രത്യയശാസ്ത്ര സംഘടനാ പ്രവർത്തനം ആവശ്യമാണെന്നും സിപിഐഎം തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here