നാല്‍പ്പതു വര്‍ഷം മുമ്പത്തെ കടം വീട്ടാന്‍ പ്രൊഡ്യൂസറെത്തി; അമ്പരന്ന് നടി ശാരദ

പണമടങ്ങിയ കവറുമായി ഒരാള്‍ അടുത്തേയ്ക്ക് എത്തി അത് തനിക്കുനേരെ നീട്ടിയപ്പോള്‍ നടി ശാരദ ഒന്ന് അമ്പരന്നു. പരിചയം പുതുക്കിയപ്പോള്‍ അമ്പരപ്പ് നാല്പതു വര്‍ഷം മുമ്പത്തെ ഒരു സിനിമാ സെറ്റിലെ ഓര്‍മകളിലേക്ക് തിരികെ പോയി. വി.വി. ആന്റണി എന്ന നിര്‍മാതാവാണ് നടി ശാരദയെ കാണാന്‍ ഇന്നലെ എറണാകുളം ടൗണ്‍ഹാളിലെ വേദിയിലെത്തിയത്.
നാല്പതു വര്‍ഷം മുമ്പുള്ള ഒരു കടം വീട്ടാനായിരുന്നു ആ വരവ്. 1979 ല്‍ ആന്റണി നിര്‍മിച്ച പുഷ്യരാഗം എന്ന ചിത്രത്തില്‍ ശാരദ അഭിനയിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധിമൂലം പ്രതിഫലത്തുക മുഴുവനായും നല്കാന് നിര്‍മാതാവായ ആന്റണിക്ക് സാധിച്ചില്ല. പിന്നീട് രണ്ട് ചിത്രങ്ങള്‍ കൂടി നിര്‍മിച്ചെങ്കിലും സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടില്ല.
പഴയ കടം മനസില്‍ സൂക്ഷിച്ചിരുന്ന ആന്റണി പ്രാരാബ്ദങ്ങള്‍ ഒഴിഞ്ഞതോടെയാണ് നടി ശാരദയുടെ പണം നല്‍കാനായി എത്തിയത്. നടിയുടെ ചെന്നൈയിലെ വീട്ടില്‍ പോയി കടം വീട്ടാന്‍ ആലോചിച്ചിരുന്നപ്പോഴാണ് അവര്‍ ടൗണ്‍ ഹാളില്‍ ഒരു ചടങ്ങിനായി എത്തുന്നുവെന്ന് അറിഞ്ഞത്. അതോടെ കൂടിക്കാഴ്ച അവിടെയാക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.
ചിത്രത്തിനായി പറഞ്ഞുറപ്പിച്ചിരുന്ന പ്രതിഫലത്തില്‍ നിന്നും അല്പം കൂടിയ തുകയുമായാണ് ആന്റണി എത്തിയത്. കെ. എസ്. സേതുമാധവന് സംവിധാനം ചെയ്ത അടിമകള്‍ എന്ന ചിത്രത്തിന്റെ അമ്പതാം വാര്‍ഷികത്തിനു ജേസി ഫൗണ്ടേഷന് സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു നടി ശാരദ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here