സമാധാനം ഉടൻ; അമേരിക്ക-താലിബാൻ എട്ടാം ഘട്ട സമാധാന ചർച്ച അവസാനിച്ചു

അഫ്ഗാനിൽ സമാധാനം പുനസ്ഥാപിക്കാൻ നടത്തിയ അമേരിക്ക-താലിബാൻ എട്ടാം ഘട്ട സമാധാന ചർച്ച അവസാനിച്ചു. താലിബാനുമായി ദോഹയിൽ നടത്തിയ ചർച്ച ഫലപ്രദമായിരുന്നുവെന്ന് അമേരിക്കൻ പ്രത്യേക നയതന്ത്രപ്രതിനിധി സൽമായി ഖലീൽസാദ് വ്യക്തമാക്കി. അഫ്ഗാനിൽ ഉടൻ തന്നെ സമാധാനം പുനസ്ഥാപിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖത്തർ തലസ്ഥാനമായ ദോഹയിലാണ് അമേരിക്ക-താലിബാൻ എട്ടാം ഘട്ട ചർച്ച നടന്നത്. അഫ്ഗാനിസ്ഥാനിൽ യുദ്ധത്തിനിടെ നടക്കുന്ന അവസാന ഈദ് ആയിരിക്കും ഇതെന്നും ഉടൻ തന്നെ രാജ്യത്ത് സമാധാനം പുനസ്ഥാപിക്കപ്പെടുമെന്നും ചർച്ചയുടെ മുഖ്യ സൂത്രധാരനായ സൽമായി ഖലീൽസാദ് പറഞ്ഞു. അഫ്ഗാൻ ജനത സമാധാനം കൊതിക്കുന്നുണ്ട്.
ഇരുവിഭാഗങ്ങളിലെയും നേതാക്കന്മാർ ജനങ്ങൾക്കായി ഉചിതമായ തീരുമാനങ്ങളിലെത്തണമെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാൻ ജനതയോടൊപ്പം തങ്ങൾ ഉറച്ചുനിൽക്കുന്നെന്നും നിലനിൽക്കുന്നതും ആദരണീയവുമായ ഒരു സാമാധാന കരാറിനായി കഠിന ശ്രമമാണ് നടത്തുന്നതെന്നും സൽമായി ഖലീൽസാദ് കൂട്ടിച്ചേർത്തു. സമാധാന ചർച്ചയുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. അതേസമയം, അമേരിക്ക സൈന്യത്തെ പിൻവലിക്കാനും താലിബാൻ വെടിനിർത്തലിനും ചർച്ചയിൽ സമ്മതിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
എന്നാൽ ഇത് സംബന്ധിച്ച് അമേരിക്ക ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ദീർഘവും കാര്യക്ഷമവുമായ ചർച്ചയാണ് നടന്നതെന്നും താലിബാന്റെയും അഫ്ഗാൻ സർക്കാരിന്റെയും തലവന്മാരാണ് ഇനിയുള്ള കാര്യങ്ങളിൽ ധാരണയുണ്ടാക്കേണ്ടതെന്നും താലിബാൻ വക്താവ് സബീബുള്ള മുജാഹിദ് പറഞ്ഞു. ഇതിനിടെ ഇന്ന് 35 താലിബാൻ തടവുകാരെ അഫ്ഗാൻ ജയിൽമോചിതരാക്കി. സമാധാന ചർച്ചയുടെ വിജയത്തിന്റെ സൂചനയായിട്ടാണ് ഈ തീരുമാനം പൊതുവെ വിലയിരുത്തപ്പെടുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here