ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് പരസ്യ പിന്തുണയുമായി എൻഎസ്എസ് നേതാക്കൾ

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വേണ്ടി എൻഎസ്എസ് പ്രചരണം തുടങ്ങി. മണ്ഡല പരിധിയിലെ കരയോഗങ്ങളിൽ പൊതുയോഗം വിളിച്ച് ചേർത്താണ് പിന്തുണക്കാര്യം അറിയിക്കുന്നത്. യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയത്തിന് വരുംദിവസങ്ങളിൽ സ്‌ക്വാഡ് പ്രവർത്തനം നടത്താനും കരയോഗങ്ങൾ തീരുമാനിച്ചു.
ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിനും ബിജെപിക്കും എതിരെ രൂക്ഷവിമർശനമാണ് കരയോഗ- പൊതുയോഗങ്ങളിൽ എൻഎസ്എസ് നേതാക്കൾ ഉന്നയിക്കുന്നത്.പെരുന്നയിൽ ജി സുകുമാരൻ നായർ പ്രഖ്യാപിച്ച ശരിദൂരം ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് അനുകൂലമാണ്.
യുഡിഎഫിന് പരസ്യ പിന്തുണയുമായി കരയോഗം പൊതുയോഗങ്ങളിൽ എൻഎസ്എസ് നേതാക്കൾ രംഗത്ത് വന്നിട്ടുണ്ട്. തിരുവനന്തപുരം വട്ടിയൂർക്കാവ് മണ്ഡലത്തിലെ 38 കരയോഗങ്ങളിലും എൻഎസ്എസ് നേതാക്കൾ നിലപാട് വിശദീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം താലൂക്ക് യൂണിയൻ പ്രസിഡന്റ് സംഗീത് കുമാറാണ് മണ്ഡലത്തിലെ കരയോഗങ്ങളിൽ നേതൃത്വത്തിന്റെ നിലപാട് പ്രഖ്യാപിക്കുന്നത്.
ശബരിമല വിഷയത്തിൽ ബിജെപിയുടെത് ആത്മാർത്ഥത ഇല്ലാത്ത നിലപാടാണെന്നും യുഡിഎഫിനെ വിജയിപ്പിക്കാനുള്ള എൻഎസ്എസ് നേതൃത്വത്തിന്റെ തീരുമാനം നടപ്പാക്കുമെന്നും കരയോഗം ഭാരവാഹികൾ പറയുന്നു.
വട്ടിയൂർക്കാവ്, കോന്നി മണ്ഡലങ്ങളിൽ എൻഎസ്എസ് വോട്ടുകൾ നിർണായകമാണ്. ഏറെ കാലമായി സ്വീകരിച്ച സമദൂര നിലപാടാണ് ഇത്തവണ യുഡിഎഫിന് അനുകൂലമായ ശരിദൂരത്തിന് വഴിമാറിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here