146 പ്രതിരോധിച്ചു; ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യൻ വനിതകൾ

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിലും ഇന്ത്യൻ വനിതകൾക്ക് ജയം. കഴിഞ്ഞ മത്സരത്തിൽ തങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന സ്കോർ പിന്തുടർന്ന് ജയിച്ച ഇന്ത്യ ഈ കളിയിൽ 146 റൺസ് എന്ന കുഞ്ഞൻ സ്കോർ പ്രതിരോധിച്ചാണ് ജയം കുറിച്ചത്. ആറു റൺസിനായിരുന്നു ഇന്ത്യയുടെ ജയം. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരി.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി ഹർമൻപ്രീത് കൗറാണ് ടോപ്പ് സ്കോററായത്. ആദ്യ ഓവറിൽ തന്നെ പ്രിയ പുനിയ സംപൂജ്യയായി മടങ്ങിയതിനു ശേഷം കൃത്യമായ ഇടവേളകളിൽ ഇന്ത്യക്ക് വിക്കറ്റുകൾ നഷ്ടമായിക്കൊണ്ടിരുന്നു. ഇന്ത്യക്കായി അഞ്ച് താരങ്ങൾ ഇരട്ടയക്കം കടന്നെങ്കിലും ആർക്കും വലിയ ഇന്നിംഗ്സ് കളിക്കാനായില്ല. 38 റൺസെടുത്ത ഹർമൻപ്രീതിനെക്കൂടാതെ ശിഖ പാണ്ഡെ (35), പൂനം റാവത് (15), മാൻസി ജോഷി (12), മിതാലി രാജ് (11) എന്നിവരാണ് ഇന്ത്യക്കായി ഇരട്ടയക്കം കുറിച്ചത്.
ഏഴാം വിക്കറ്റിൽ ഹർമൻപ്രീതും ശിഖ പാണ്ഡെയും ചേർന്ന 49 റൺസാണ് ഇന്ത്യൻ ഇന്നിംഗ്സിൽ നിർണായകമായത്. 45.5 ഓവറിൽ ഇന്ത്യ ഓൾ ഔട്ടായപ്പോൾ മൂന്നു വിക്കറ്റ് വീഴ്ത്തിയ മരിസൻ കാപ്പ് ആണ് ദക്ഷിണാഫ്രിക്കക്കായി തിളങ്ങിയത്. ഷബ്നിം ഇസ്മയിൽ, അയബോങ ഖാക്ക എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്കക്കും തുടരെ വിക്കറ്റുകൾ നഷ്ടമായി. 29 റൺസെടുത്ത മരിസൻ കാപ്പാണ് പ്രോട്ടീസ് ടോപ്പ് സ്കോററായത്. സുനെ ലൂസ് (24), ലോറ വോൾഫർട്ട് (23), ലിസൽ ലീ (13) തുടങ്ങിയവർ ദക്ഷിണാഫ്രിക്കൻ സ്കോറിലേക്ക് ശ്രദ്ധേയമായ സംഭാവന നൽകി. ഏഴു താരങ്ങളാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ രണ്ടക്കം കടന്നത്. ഇന്ത്യക്കായി ഏക്ത ബിഷ്റ്റ് 3 വിക്കറ്റും ദീപ്തി ശർമ്മ, രാജേശ്വരി ഗെയ്ക്‌വാദ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. 48ആം ഓവറിൽ ഇന്ത്യൻ സ്കോറിന് ആറു റൺസ് അകലെ വെച്ച് ദക്ഷിണാഫ്രിക്കയുടെ എല്ലാവരും പുറത്തായി.
മത്സരത്തിൽ ആകെ എറിഞ്ഞ ഒരു ഓവറിലെ അവസാന പന്തിൽ ദക്ഷിണാഫ്രിക്കയുടെ അവസാന വിക്കറ്റ് വീഴ്ത്തിയ ജമീമ റോഡ്രിഗസാണ് ഇന്ത്യക്ക് അവിസ്മരണീയ ജയം സമ്മാനിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here