ഐഎൻഎക്‌സ് മീഡിയ കേസ്; പി ചിദംബരത്തെ ചോദ്യം ചെയ്യാനും അറസ്റ്റ് രേഖപ്പെടുത്താനും കോടതിയുടെ അനുമതി

ഐഎൻഎക്‌സ് മീഡിയയുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് കേസിൽ പി ചിദംബരത്തെ ചോദ്യം ചെയ്യാൻ ഡൽഹി റോസ് അവന്യു കോടതി അനുമതി നൽകി. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തേണ്ട സാഹചര്യമുണ്ടെങ്കിൽ അങ്ങനെ ആകാമെന്നും കോടതി വ്യക്തമാക്കി.
അതേസമയം, സിബിഐ കേസിൽ ചിദംബരം സമർപ്പിച്ച ജാമ്യാപേക്ഷയിൽ സുപ്രിംകോടതി നാളെയും വാദം കേൾക്കും. ഐഎൻഎക്‌സ് മീഡിയയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ പി ചിദംബരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തണമെന്നും കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നുമായിരുന്നു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം. കോടതിവളപ്പിൽ അറസ്റ്റ് രേഖപ്പെടുത്താൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
Read More: ഐഎൻഎക്‌സ് മീഡിയ കേസ്; ചിദംബരത്തിന്റെ ജാമ്യാപേക്ഷയെ എതിർത്ത് സിബിഐ സുപ്രിംകോടതിയിൽ
എന്നാൽ, ഈ ആവശ്യം ഡൽഹി റോസ് അവന്യു കോടതി തള്ളി. വ്യക്തിയുടെ അന്തസ് പരിഗണിക്കേണ്ടതുണ്ട്. പൊതുജന മധ്യത്തിൽ ചോദ്യം ചെയ്യുന്നതും അറസ്റ്റ് രേഖപ്പെടുത്തുന്നതും അനുവദിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. ഇക്കാര്യത്തിൽ ചിദംബരത്തിന്റെ അഭിഭാഷകൻ കപിൽ സിബലിന്റെ എതിർപ്പും കണക്കിലെടുത്തു. നാളെ രാവിലെ തിഹാർ ജയിലിലെത്തി അന്വേഷണസംഘത്തിന് ചിദംബരത്തെ ചോദ്യം ചെയ്യാം. അറസ്റ്റ് അത്യാവശ്യമാണെങ്കിൽ അതിനുശേഷമാകാമെന്നും ജഡ്ജി അജയ് കുമാർ വ്യക്തമാക്കി.
എന്നാൽ, സിബിഐ കേസിൽ ചിദംബരം സമർപ്പിച്ച ജാമ്യാപേക്ഷയിൽ സുപ്രിംകോടതി പരിഗണിച്ചെങ്കിലും വാദം പൂർത്തിയായില്ല. സാക്ഷികളെ സ്വാധീനിക്കുമെന്ന് പറഞ്ഞാണ് ഡൽഹി ഹൈക്കോടതി ജാമ്യം നിരസിച്ചതെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും കപിൽ സിബൽ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here