കൂടത്തായി കൊലപാതകം; അന്വേഷണത്തിൽ തൃപ്തിയുണ്ടെന്ന് പരാതിക്കാരൻ റോജോ

കൂടത്തായി കൂട്ടകൊലപാതക പരമ്പര കേസ് അന്വേഷണത്തിൽ തൃപ്തിയുണ്ടെന്ന് പരാതിക്കാരനും മരിച്ച റോയി തോമസിന്റെ സഹോദരനുമായ റോജോ. പരാതി പിൻവലിക്കാൻ മുഖ്യപ്രതി ജോളി തനിക്ക് മേൽ സമ്മർദ്ദം ചെലുത്തിയിരുന്നതായും റോജോ പറഞ്ഞു. കേസിൽ സത്യം പുറത്ത് വന്നതോടെ ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും നീതി കിട്ടട്ടെ എന്നും റോജോ പറഞ്ഞു. മൊഴി രേഖപ്പെടുത്തുന്നതിനായി അമേരിക്കയിൽ നിന്ന് ക്രൈംബ്രാഞ്ചിന്റെ നിർദേശ പ്രകാരം നാട്ടിലെത്തിയ റോജോ മൊഴി നൽകിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. റോജോയുടെ മൊഴിയെടുക്കൽ നാളെയും തുടരും. വടകരയിലെ റൂറൽ എസ്പി ഓഫീസിലായിരുന്നു മൊഴിയെടുക്കൽ.
സ്വത്ത് തർക്കത്തിൽ ധാരണയിലെത്തണമെങ്കിൽ തനിക്കെതിയെയുള്ള പരാതി പിൻവലിക്കണമെന്ന് ജോളി തന്നോട് ആവശ്യപ്പെട്ടിരുന്നതായി റോജോ പറഞ്ഞു.
എന്നാൽ തനിക്ക് നേരെ വധശ്രമം ഉണ്ടായിട്ടില്ലെന്നും റോജോ വ്യക്തമാക്കി. റോജോയ്‌ക്കൊപ്പം സഹോദരി റെഞ്ചിയും മൊഴി നൽകുന്നതിനായി എസ്പി ഓഫീസിലെത്തിയിരുന്നു.
അതേ സമയം, കേസിൽ ജോളിയടക്കമുള്ള പ്രതികളുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കാനിരിക്കെ കസ്റ്റഡി കാലാവിധി നീട്ടി നൽകാൻ പൊലീസ് കോടതിയിൽ ആവശ്യപ്പെടും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here