ശ്രീറാം വെങ്കിട്ടരാമന്റെ അഴിമതിയെക്കുറിച്ച് മന്ത്രിക്ക് പരാതി നൽകിയ എക്‌സിക്യൂട്ടീവ് ഡയറക്ടറെ പിരിച്ചുവിട്ടു

വിവാദ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്റെ അഴിമതിയെക്കുറിച്ച് മന്ത്രിക്ക് പരാതി നൽകിയ എക്‌സിക്യൂട്ടീവ് ഡയറക്ടറെ സർക്കാർ പിരിച്ചുവിട്ടു. കേരള അക്കാദമി ഫോർ സ്‌കിൽസിലെ എക്‌സിക്യൂട്ടീവ് ഡയറക്ടറെയാണ് പിരിച്ചുവിട്ടത്. ആരോപണം ഉയരാതിരിക്കാനായി തസ്തിക തന്നെ ഇല്ലാതാക്കിക്കൊണ്ടാണ് സർക്കാർ നടപടി. നോട്ടീസ് പോലും നൽകാതെയാണ് പിരിച്ചുവിടൽ. ട്വന്റിഫോർ എക്‌സ്‌ക്ലൂസീവ്.
കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസിൽ മാനേജിംഗ് ഡയറക്ടറായിരിക്കെ ശ്രീറാം വെങ്കിട്ടരാമൻ നടത്തിയ അഴിമതയെക്കുറിച്ചും ക്രമക്കേടിനെക്കുറിച്ചും എക്‌സിക്യൂട്ടീവ് ഡയറക്ടറായ പി.ടി. ഗിരീഷ് തൊഴിൽമന്ത്രി ടി.പി.രാമകൃഷ്ണന് പരാതി നൽകിയിരുന്നു. കൊച്ചിയിൽ നടന്ന ഫാഷൻ ഉച്ചകോടിയുടെ മറവിൽ സ്വകാര്യ കമ്പനിയെ വഴിവിട്ട് സഹായിച്ചതും സർക്കാരിന്റെ തീരുമാനം മറികടന്ന് ഇരട്ടി ശമ്പളത്തിന് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറെ നിയമിച്ചതും ഉൾപ്പെടെയുള്ള ക്രമക്കേടുകൾ രേഖകൾ സഹിതം പരാതിയായി നൽകി. ഇതിനിടയിൽ ഗിരീഷിനെ എക്‌സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റാൻ നീക്കമുണ്ടായെതങ്കിലും ഹൈക്കോടതി ഇടപെട്ട് തടഞ്ഞു. സ്ഥിര നിയമദമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നടപടി.
ഇതിന് പിന്നാലെ ഗിരീഷിനെ അക്കാദമിയുടെ ആസ്ഥാനത്തേക്ക് മാറ്റി. എന്നാൽ ഈ മാസം ഒൻപതിന് എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ തസ്തികയില്ലാതാക്കിയും ഗിരീഷിനെ പിരിച്ചുവിട്ടും സർക്കാർ ഉത്തരവിറക്കുകയായിരുന്നു. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആശാ തോമസാണ് ഉത്തരവിറക്കിയത്. എക്‌സിക്യുട്ടീവ് ഡയറക്ടർ എന്ന തസ്തിക താൽക്കാലികമാണെന്നതാണ് തസ്തികയില്ലാതാക്കാൻ കാരണമായി പറയുന്നത്. എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ ആവശ്യമില്ലെന്ന മാനേജിംഗ് ഡയറക്ടറുടെ റിപ്പോർട്ട് വാങ്ങിയ ശേഷമായിരുന്നു സർക്കാരിന്റെ നടപടി. ചട്ടപ്രകാരമുള്ള നോട്ടീസ് പോലും നൽകാതെയാണ് പിരിച്ചുവിടൽ. ശ്രീറാമിനെതിരെ മന്ത്രിക്ക് പരാതി നൽകിയതോടെ ഗിരീഷ് ഐഎഎസ് ഉദ്യോഗസ്ഥരുടെ കണ്ണിലെ കരടായി മാറിയിരുന്നു. ഗിരീഷിന്റെ പരാതിയിൽ അന്വേഷണം നടത്താൻ നിർദ്ദേശിച്ചതും ഐഎഎസ് ലോബിയെ പ്രകോപിതരാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here