മധ്യനിരയുടെ അസാമാന്യ കരുത്ത്; ഒഡീഷ എഫ്സി തയ്യാറെടുത്തു കഴിഞ്ഞു

ഒഡീഷ എഫ്സി എന്ന് പുനർമനാമകരണം ചെയ്യപ്പെട്ട ഡൽഹി ഡൈനാമോസ് എഫ്സിയുടെ കളി സീസോ പോലെയാണ്. ഒരു സീസണിൽ ഗംഭീര പ്രകടനം, അടുത്ത സീസണിൽ മോശം പ്രകടനം. രണ്ടു തവണ സെമി കളിച്ചു. രണ്ട് വട്ടം എട്ടാം സ്ഥാനത്തും ഒരു തവണ അഞ്ചാമതും ഫിനിഷ് ചെയ്തു. റോബർട്ടോ കാർലോസ് എന്ന ബ്രസീലിയൻ ഇതിഹാസം കളി പഠിപ്പിച്ചിട്ടുണ്ട് ഒഡീഷയെ. അദ്ദേഹത്തിനു കീഴിലാണ് ക്ലബ് ഏറ്റവും മികച്ച പ്രകടനം നടത്തിയത്. എന്നിട്ടും അടുത്ത സീസണിൽ പരിശീലകൻ മാറി. അത് തന്നെയാണ് ക്ലബിൻ്റെ കുഴപ്പം. ഇതുവരെ അഞ്ച് പരിശീലകരാണ് ഒഡീഷയെ കളി പഠിപ്പിക്കാനെത്തിയത്. അവസാനം വന്ന ജോസഫ് ഗൊംബാവു ഒഴികെ വേറെ ആരും ഒരു സീസണിലധികം ക്ലബിൽ നിന്നിട്ടില്ല. ഗൊംബാവുവിൻ്റെ കീഴിൽ കഴിഞ്ഞ സീസൺ അവസാന സ്ഥാനക്കാരായാണ് ഒഡീഷ പൂർത്തിയാക്കിയത്. ഈ സീസൺ ഇനി എങ്ങനെയാവും?
സ്പെയിനിലെ സെഗുണ്ട ഡിവിഷൻ ബിയിൽ കളിക്കുന്ന കൾചറൽ ലിയോണെസയിൽ നിന്ന് ലോണിലെത്തിയ അഡ്രിയാൻ സൻ്റാനയാണ് മുന്നേറ്റത്തിലെ ശ്രദ്ധേയ താരം. സൻ്റാനക്കൊപ്പം ഡാനിയൽ ലാൽഹിമ്പുയ, സെമിന്മാങ് മഞ്ചോങ് എന്നീ രണ്ട് ഇന്ത്യൻ യുവതാരങ്ങളാണ്. ഫോർവേഡ് ദുർബലം എന്ന് വ്യക്തം.
പക്ഷേ, മധ്യനിരയിലെ പ്രതിഭാധാരാളിത്തം മുന്നേറ്റത്തിൻ്റെ ദൗർബല്യത്തെ മറികടക്കും. ക്യാപ്റ്റൻ മാർക്കോസ് ടെബാർ, സെനഗളീസ് താരം ദിയാവണ്ടോ ദിയാഗ്നെ, കഴിഞ്ഞ സീസണിൽ ബെംഗളുരുവിൽ കളിച്ച സിസ്കോ ഹെർണാണ്ടസ്, അർജൻ്റീന താരം മാർട്ടിൻ ഗുവേദസ് എന്നിവരാണ് മധ്യനിരയിലെ വിദേശികൾ. ഇവർക്കൊപ്പം കഴിഞ്ഞ സീസണിൽ ജംഷഡ്പൂരിൻ്റെ കുന്തമുന ആയിരുന്ന ജെറി, ഡൽഹിക്കായി കഴിഞ്ഞ ഏതാനും സീസണുകളിൽ ഉജ്വല പ്രകടനം കാഴ്ച വെച്ച റോമിയോ ഫെർണാണ്ടസ്, വിനിത് റായ്, ബിക്രംജിത് സിംഗ് തുടങ്ങി വളരെ മികച്ച ഒരുപിടി ഇന്ത്യൻ താരങ്ങൾ കൂടി ഇവർക്കൊപ്പം ചേരുന്നതോടെ ഡൽഹി മധ്യനിര വളരെ ശക്തമാകുന്നു.
സ്പാനിഷ് താരം കാർലോസ് ഡെൽഗാഡോ മാത്രമാണ് പ്രതിരോധത്തിലെ വിദേശി താരം. ഗൗരവ് ബോറ, മുഹമ്മദ് ധോത്, നാരായൺ ദാസ് തുടങ്ങി മോശമല്ലാത്ത ഇന്ത്യൻ താരങ്ങളും പ്രതിരോധത്തിൽ അണിനിരക്കും. ശരാശരിയെന്നോ ശരാശരിക്കു മുകളിലെന്നോ പറയാവുന്ന പ്രതിരോധനിര. അൽബീനോ ഗോമസ് ആവും ഗോൾ വല സംരക്ഷിക്കുക.
മധ്യനിരയുടെ അസാമാന്യ കരുത്തിലാണ് ഒഡീഷ വിശ്വാസം അർപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണിൽ ഗംഭീര പ്രകടനം നടത്തിയ സെൻ്റർ ബാക്ക് ജിയാനി സുയിവെർലൂൺ ക്ലബ് വിട്ടത് തിരിച്ചടിയാവും. ആ തിരിച്ചടി അതിജീവിക്കാനുള്ള ടീം, ഒറ്റ നോട്ടത്തിൽ ഡൽഹിക്കുണ്ട്. പാക്ക്ഡായ മധ്യനിരയെ സെറ്റ് ചെയ്യുന്നതിനിടയിൽ മറ്റ് രണ്ട് വിഭാഗങ്ങളെ, പ്രത്യേകിച്ചും മുന്നേറ്റ നിരയെ ശ്രദ്ധിക്കാതിരുന്നത് തിരിച്ചടിയാവാൻ സാധ്യതയുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here