എഫ്.എ.ടി.എഫിന്റെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താതിരിക്കാൻ പാകിസ്ഥാന് നാല് മാസത്തെ സാവകാശം

എഫ്.എ.ടി.എഫിന്റെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താതിരിക്കാൻ വേണ്ട നടപടികൾ പൂർത്തിയാക്കാൻ പാകിസ്ഥാന് നാല്മാസത്തെ സാവകാശം. ഗ്രേലിസ്റ്റിൽ നിന്നും വിടുതൽ നൽകണം എന്ന പാകിസ്ഥാൻ നിർദേശം എഫ്എടിഎഫ് തള്ളി.
രണ്ടായിരത്തിപതിനെട്ട് ജൂൺ മാസത്തിലാണ് പാക്കിസ്ഥാനെ എഫ്എടിഎഫ് ഗ്രേലിസ്റ്റിൽ ഉൾപ്പെടുത്തിയത്. ബ്ലാക്ക് ലിസ്റ്റിൽ പെടുത്തുന്ന നടപടിയുടെ മുന്നോടി ആയിട്ടായിരുന്നു തീരുമാനം. പതിനഞ്ച് മാസത്തിനുള്ളിൽ ടാസ്‌ക്ക് ഫോഴ്‌സിന്റെ 27 ഭീകരവിരുദ്ധ വ്യവസ്ഥകളും പാലിക്കാനായിരുന്നു നിർദേശം. 7 നിർദേശങ്ങൾ പാലിക്കാൻ മാത്രമേ പാകിസ്ഥാന് സാധിച്ചുള്ളു. 27 ഭീകരവിരുദ്ധ വ്യവസ്ഥകളും പാലിക്കും എന്നും ഗ്രേലിസ്റ്റിൽ ഉൾപ്പെടുത്തിയ നടപടി ഒഴിവാക്കണം എന്നും പാക്കിസ്ഥാൻ അപേക്ഷിച്ചു.
എന്നാൽ എഫ്എടിഎഫ് ഇത് അംഗീകരിച്ചില്ല. അമേരിക്ക അടക്കുമുള്ള രാജ്യങ്ങൾ പാകിസ്ഥാനെ ബ്ലാക്ക്‌ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന കർശന നിലപാട് സ്വീകരിക്കുകയും ചെയ്തു. ചൈന, മലേഷ്യ, തുർക്കി തുടങ്ങിയ രാജ്യങ്ങൾ മാത്രമാണ് പാകിസ്ഥാനെ അനുകൂലിച്ചത്. അവസാനം ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിന് നാലുമാസ സമയപരിധി അനുവദിക്കാൻ ധാരണ രൂപപ്പെടുകയായിരുന്നു. ഫെബ്രുവരി മാസത്തിനുള്ളിൽ പാകിസ്ഥാൻ 27 ഭീകരവിരുദ്ധ മാനദണ്ഡങ്ങളും പാലിച്ചതായി സമിതിയെ അറിയിക്കണം. എഫ്എടിഎഫിന്റെ യോഗ ശേഷം ഇക്കാര്യങ്ങൾ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here