സർഫറാസിന്റെ ക്യാപ്റ്റൻ സ്ഥാനം തെറിച്ചു; ടീമിൽ നിന്ന് പുറത്ത്

പാകിസ്താൻ്റെ ടി-20, ടെസ്റ്റ് ടീം നായകസ്ഥാനത്തു നിന്ന് സർഫറാസ് അഹ്മദ് പുറത്ത്. മൂന്നു ഫോർമാറ്റുകളിൽ മൂന്നു ക്യാപ്റ്റന്മാർ എന്ന തീരുമാനം മുൻനിർത്തിയാണ് സർഫറാസിനെ നീക്കിയത്. ടി-20യിൽ ബാബർ അസവും ടെസ്റ്റിൽ അസർ അലിയുമാണ് ഇനി പാകിസ്താനെ നയിക്കുക. അതേ സമയം, ഏകദിന ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് സർഫറാസിനെ നീക്കിയതായി ക്രിക്കറ്റ് ബോർഡ് അറിയിച്ചിട്ടില്ല.
ഓസ്ട്രേലിയക്കെതിരായ പരമ്പരകൾക്കു മുന്നോടിയായാണ് സർഫറാസിന് നായകസ്ഥാനം നഷ്ടമായത്. നായകസ്ഥാനം നഷ്ടമായതിനോടൊപ്പം പരമ്പരക്കുള്ള ടീമിൽ നിന്നും സർഫറാസിനെ മാറ്റി.
2016ൽ ടി-20 ക്യാപ്റ്റനായ സർഫറാസിനു കീഴിൽ പാകിസ്താൻ മികച്ച പ്രകടനം കാഴ്ച വെച്ചതോടെ തൊട്ടടുത്ത കൊല്ലം ടെസ്റ്റ്, ഏകദിന ക്യാപ്റ്റനായും അദ്ദേഹത്തെ നിയമിച്ചു. ഇന്ത്യയെ പരാജയപ്പെടുത്തി ചാമ്പ്യൻസ് ലീഗ് നേടി ക്യാപ്റ്റൻ സ്ഥാനം ആഘോഷമാക്കിയ സർഫറാസ് പിന്നീട് മോശമായ പ്രകടനങ്ങളുമായി വിമർശനങ്ങൾ ഏറ്റുവാങ്ങി. ലോകകപ്പിലെ സർഫറാസിൻ്റെ ക്യാപ്റ്റൻസി ഏറെ വിമർശിക്കപ്പെട്ടു. ശ്രീലങ്കക്കെതിരായ പരമ്പര കൂടി അടിയറ വെച്ചതോടെയാണ് സർഫറാസ് ടീമിൽ നിന്നു തെറിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here