അയിരൂപ്പാറയിൽ യുവതിയെ കുടിയിറക്കാനൊരുങ്ങി പൊലീസ്; ആത്മഹത്യ ഭീഷണി മുഴക്കി യുവതി

ഭാര്യയെ ഭർതൃവീട്ടിൽ നിന്ന് കുടിയിറക്കാൻ പൊലീസ് നടപടി. യുവതിയുടെ ആത്മഹത്യാ ഭീഷണിക്കും, നാട്ടുകാരുടെ പ്രതിഷേധത്തിനും കീഴടങ്ങി ഒടുവിൽ പൊലീസ് പിൻമാറി. ഭർതൃമാതാവിന്റെ പരാതിയെ തുടർന്നുള്ള ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് യുവതിയെ കുടിയിറക്കാൻ പൊലീസെത്തിയത്.
തിരുവനന്തപുരം അയിരൂപ്പാറ മരുതുമ്മൂട് സ്വദേശി ഷംനയെയും ആറു വയസുകാരൻ മകനെയും രോഗികളായ മാതാപിതാക്കളെയും കുടിയിറക്കാറാണ് വൻ സന്നാഹമായി പൊലീസ് എത്തിയത്. ഭർത്താവ് ഷാഫിയുടെ മാതാവിന്റെ പരാതിയിൻമേൽ ഷംനയെയും കുടുംബത്തെയും വീട്ടിൽ നിന്ന് ഇറക്കി വിടാനുള്ള ഹൈക്കോടതി ഉത്തരവിനെ തുടർന്നായിരുന്നു നടപടി. ഷാഫിയുടെ രണ്ടാം ഭാര്യയാണ് ഷംന.
2015 ൽ ഷംനയെ ഉപേക്ഷിച്ച് ഷാഫി മൂന്നാമത് ഒരു വിവാഹം കഴിച്ചു. ഇതിനെത്തുടർന്ന് ഷംന മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവോടെ ഭർതൃ വീട്ടിൽ താമസിക്കുകയായിരുന്നു. ഇതിനിടെയാണ് ഹൈക്കോടതി വിധി എത്തിയത്. ഷംനയും ആറ് വയസുകാരൻ മകനും ഇവരുടെ രോഗികളായ മാതാപിതാക്കളും വീട്ടിനുള്ളിൽ ആത്മഹത്യ ഭീഷണി മുഴക്കിയതോടെ സാഹചര്യം വഷളായി.
Read Also : ഉപതെരഞ്ഞെടുപ്പ്; അഞ്ച് മണ്ഡലങ്ങളിലായി 3696 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു
എന്നാൽ ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള വസ്തു തങ്ങളെ ഇറക്കി വിടാനുള്ള കേസിന്റെ ആവശ്യത്തിനായി ഭർതൃമാതാവിന്റെ പേരിലാക്കിയതാണെന്ന് ഷംന പറയുന്നു. വീട്ടിൽ നിന്നിറങ്ങിയാൽ ആത്മഹത്യയല്ലാതെ മറ്റ് മാർഗമില്ലെന്നും ഷംന പറഞ്ഞു. നാട്ടുകാരും പൊലീസ് നടപടിയെ ശക്തമായി എതിർത്തു. പ്രതിഷേധം ശക്തമായതോടെ പൊലീസ് പിൻവാങ്ങുകയായിരുന്നു. മതിയായ അടിസ്ഥാന സൗകര്യമില്ലാത്ത വീട്ടിൽ നാട്ടുാകരുടെ സഹായം കൊണ്ടാണ് ഷംനയും കുടുംബവും കഴിയുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here