കേരളത്തിൽ നിന്ന് മലേഷ്യയിലേക്ക് വീണ്ടും മനുഷ്യക്കടത്ത്; ട്വന്റിഫോർ എക്സ്ക്ലൂസീവ്

കേരളത്തിൽ നിന്ന് മലേഷ്യയിലേക്ക് വീണ്ടും മനുഷ്യക്കടത്ത്. പാലക്കാട് സ്വദേശികളായവരാണ് മനുഷ്യക്കടത്തിന് ഇരയായത്. ജോലി വാഗ്ദാനം ചെയ്ത് പണം കൈക്കലാക്കിയ ഷൊർണൂർ സ്വദേശിയായ ഏജന്റ് മലേഷ്യയിൽ എത്തിയ മലയാളികളെ മറ്റൊരു ഏജന്റിന് വിൽക്കുകയായിരുന്നു. ശമ്പളം ചോദിച്ചതിന് ക്രൂരമായി മർദ്ദിച്ചെന്ന് മനുഷ്യക്കടത്തിനിരയായവർ ട്വന്റിഫോറിനോട് പറഞ്ഞു.
ഇത്തവണ മനുഷ്യക്കടത്തിനിരയായത് 9 പാലക്കാട് സ്വദേശികളാണ്. ജോലി ശരിയാക്കി നൽകാമെന്ന് പറഞ്ഞ് ഷൊർണ്ണൂർ സ്വദേശിയായ ഏജന്റ് ഇവരിൽ നിന്നും 70000 മുതൽ ഒരു ലക്ഷം രൂപ വരെ വാങ്ങുകയായിരുന്നു. വിസിറ്റിങ്ങ് വിസയിൽ മലേഷ്യയിലെത്തിയപ്പോഴാണ് മറ്റൊരു ഏജന്റിന് വിറ്റത്. ഒന്നര മാസം ജോലി ചെയ്ത് പണം ചോദിച്ചപ്പോൾ മർദ്ദനം തുടങ്ങി.
തിരികെ നാട്ടിലെത്താൻ പാസ്പോർട്ട് ആവശ്യപ്പെട്ടപ്പോൾ 3000 മുതൽ 4000 റിങ്കറ്റ് നൽകാനാണ് പറഞ്ഞത്. സംഭവം പുറത്തറിയിച്ചാൽ പാസ്പോർട്ട് കത്തിച്ചു കളയുമെന്നും ഏജന്റിന്റെ ഭീഷണിയുണ്ട്. കെ എംസിസി ജോഹർ കമ്മറ്റിയുടെ സഹായത്താൽ മനുഷ്യക്കടത്ത് സംഘത്തിൽ നിന്ന് രക്ഷപ്പെട്ട ഇവർ, മലേഷ്യയിലെ മലയാളിയായ സാമൂഹ്യ പ്രവർത്തകൻ നസീർ പൊന്നാനിയുടെ സംരക്ഷണത്തിലാണിപ്പോൾ. നേരത്തെ കോയമ്പത്തൂർ കോഴിക്കോട് സ്വദേശികളായ ഏജന്റുമാർ മലേഷ്യയിൽ വിറ്റ മലയാളികൾ നസീറിന്റെ സഹായത്തോടെയാണ് നാട്ടിലെത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here