‘അഴിമതിക്കാർ സർക്കാർ പണിത കെട്ടിടത്തിൽ കിടക്കേണ്ടി വരും’; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

അഴിമതിക്കാർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതി കാട്ടിയാൽ വീട്ടിൽ കിടന്നുറങ്ങാൻ പറ്റാത്ത അവസ്ഥയാകുമെന്നും സർക്കാർ പണിത കെട്ടിടത്തിൽ പോയി കിടക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മട്ടന്നൂർ മുനിസിപ്പാലിറ്റി ഗവ. സ്പെഷ്യാലിറ്റി ആശുപത്രിയുടെയും റവന്യൂ ടവറിന്റെയും ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന ഖ്യാതിയാണ് കേരളത്തിനുള്ളത്. അതിനർഥം കേരളത്തിൽ അഴിമതി ഇല്ലാതായി എന്നല്ല. ചിലയിടങ്ങളിൽ അത്തരത്തിലുള്ള ദുശ്ശീലമുണ്ട്. ചെറുതായാലും വലുതായാലും അഴിമതി, അഴിമതി തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സൈ്വര്യമായി ജീവിക്കുക എന്നതാണ് പ്രധാനം. ന്യായമായ ശമ്പളം എല്ലാവർക്കും ലഭിക്കുന്നുണ്ട്. അതിൽ തൃപ്തരാണ് ബഹുഭൂരിപക്ഷവും. ചിലർ മാത്രമാണ് കെട്ട മാർഗം സ്വീകരിക്കുന്നത്. അവർ പിടികൂടപ്പെട്ടാൽ പിന്നെ അതേവരെയുള്ളതെല്ലാം ഇല്ലാതാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തെറ്റായ മാർഗം സ്വീകരിക്കുന്നവരെ സഹപ്രവർത്തകർ തിരുത്തണം. ഓഫീസിലെ കടലാസുകളിൽ ഒരുപാട് ജീവൽ പ്രശ്നങ്ങളാണുള്ളത്. അത് ഉൾക്കൊള്ളാൻ ജീവനക്കാർക്ക് കഴിയണം. അതാണ് നാട് ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here