വരിഞ്ഞുമുറുക്കി ബൗളർമാർ; ദക്ഷിണാഫ്രിക്ക ഫോളോ ഓൺ ഭീഷണിയിൽ

ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്ക ഫോളോ ഓൺ ഭീഷണിയിൽ. എട്ടു വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കക്ക് നഷ്ടമായിരിക്കുന്നത്. 62 റൺസെടുത്ത അരങ്ങേറ്റക്കാരൻ സുബൈർ ഹംസയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ്പ് സ്കോറർ. അശ്വിൻ ഒഴികെ ബാക്കി പന്തെറിഞ്ഞവരെല്ലാം ഇന്ത്യക്കായി വിക്കറ്റ് വീഴ്ത്തി.
ഇന്ത്യയുടെ 497/9 എന്ന സ്കോറിനു മറുപടി ബാറ്റിംഗിനിറങ്ങിയ പ്രോട്ടീസ് മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിക്കുമ്പോൾ ഒൻപതു റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിലായിരുന്നു. ഏറെ വൈകാതെ അവർക്ക് ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിയെ നഷ്ടമായി. ഒരു റണ്ണെടുത്ത ഡുപ്ലെസിയെ ഉമേഷ് യാദവ് ക്ലീൻ ബൗൾഡാക്കി. നാലാം വിക്കറ്റിൽ ഒത്തു ചേർന്ന സുബൈർ ഹംസ-ടെംബ ബാവുമ കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയെ ട്രാക്കിലാക്കിയത്.
ഇരുവരും ചേർന്ന് 91 റൺസാണ് നാലാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. രവീന്ദ്ര ജഡേജയാണ് ഈ കൂട്ടുകെട്ട് തകർത്തത്. 62 റൺസെടുത്ത സുബൈർ ഹംസയെ ജഡേജ ബൗൾഡാക്കി. ഈ വിക്കറ്റ് വീണതോടെ തുടർച്ചയായി ദക്ഷിണാഫ്രിക്കക്ക് വിക്കറ്റുകൾ നഷ്ടമായി. തൊട്ടടുത്ത ഓവറിൽ ടെംബ ബാവുമയെ (32) പുറത്താക്കിയ ഷഹബാസ് നദീം ടെസ്റ്റ് കരിയറിലെ തൻ്റെ ആദ്യ വിക്കറ്റ് കുറിച്ചു. തുടർന്ന് ഹെൻറിച്ച് ക്ലാസൻ (6), ഡെയിൻ പീട്ട് (4) എന്നിവരെ യഥാക്രമം ജഡേജയും ഷമിയും പുറത്താക്കി. ക്ലാസനെ ജഡേജ ക്ലീൻ ബൗൾഡാക്കിയപ്പോൾ പീട്ടിനെ ഷമി വിക്കറ്റിനു മുന്നിൽ കുരുക്കി. റബാഡ ഉമേഷിൻ്റെ നേരിട്ടുള്ള ത്രോയിൽ റണ്ണൗട്ടായി.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ ദക്ഷിണാഫ്രിക്ക 8 വിക്കറ്റ് നഷ്ടത്തിൽ 136 റൺസെന്ന നിലയിലാണ്. 16 റൺസെടുത്ത ജോർജ് ലിൻഡെയും റണ്ണൊന്നുമെടുക്കാതെ ആൻറിച് നോർദെയുമാണ് ക്രീസിൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here