അന്ന് ദാദ പ്രസിഡന്റായിരുന്നെങ്കിൽ നന്നായിരുന്നു; യുവരാജ് സിംഗ്

നിയുക്ത ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലിയെ അഭിനന്ദിച്ച് മുൻ താരം യുവരാജ് സിംഗ്. ഗാംഗുലിക്ക് അഭിനന്ദനം അറിയിച്ചതിനൊപ്പം യോയോ ടെസ്റ്റിൻ്റെ സമയത്ത് ഗാംഗുലി പ്രസിഡൻ്റായിരുന്നെങ്കിൽ നന്നായിരുന്നേനെനെയെന്നും യുവരാജ് പറഞ്ഞു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് യുവി ആശംസയുമായി എത്തിയത്.
“മഹാനായ ആ മനുഷ്യൻ തൻ്റെ യാത്ര ഏറ്റവും മഹത്തരമാക്കിയിരിക്കുന്നു. ഇന്ത്യൻ ടീം ക്യാപ്റ്റനിൽ നിന്ന് ബിസിസിഐ പ്രസിഡൻ്റ് സ്ഥാനത്തേക്ക്. ഒരു ക്രിക്കറ്റർ ക്രിക്കറ്റ് ഭാരവാഹിയാവുന്നത് മികച്ച ഉൾക്കാഴ്ചയാവുമെന്നാണ് തോന്നുന്നത്. ഒരു കളിക്കാരൻ്റെ ചിന്താഗതിയിൽ നിന്ന് മറ്റുള്ളവരെ കാണാൻ കഴിയും. യോയോ ടെസ്റ്റിൻ്റെ സമയത്ത് താങ്കൾ പ്രസിഡൻ്റ് ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു’- യുവരാജ് കുറിച്ചു.
കഴിഞ്ഞ വർഷം വിരമിക്കുന്നതിനു മുൻപ് യുവരാജ് ബിസിസിഐയെ ബന്ധപ്പെട്ടിരുന്നു. ഒരു വിരമിക്കൽ മത്സരം നൽകണമെന്നായിരുന്നു അദ്ദേഹത്തിൻ്റെ അഭ്യർത്ഥന. യോയോ ടെസ്റ്റ് പാസായാൽ നൽകാമെന്ന് ബിസിസിഐ അറിയിച്ചു. യുവരാജ് യോയോ ടെസ്റ്റ് പാസായി. എന്നാൽ ബിസിസിഐ അദ്ദേഹത്തിനു വിരമിക്കൽ മത്സരം നൽകിയില്ല. ഇതേത്തുടർന്ന് യുവരാജ് വിരമിക്കുകയായിരുന്നു.
ഗാംഗുലി അന്ന് ബിസിസിഐയുടെ തലപ്പത്തുണ്ടായിരുന്നെങ്കിൽ തനിക്ക് മാന്യമായി വിരമിക്കാൻ അവസരം ലഭിക്കുമായിരുന്നു എന്നാണ് യുവി തൻ്റെ ട്വീറ്റിലൂടെ വെളിപ്പെടുത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here