കൊച്ചി കോര്‍പറേഷന്‍ സര്‍ക്കാര്‍ പിരിച്ചുവിടാത്തതെന്ത്; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി നഗരത്തിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് കോര്‍പറേഷന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ജനങ്ങള്‍ ദുരിതക്കയത്തിലാണ്. ജനങ്ങള്‍ക്ക് സ്വസ്ഥമായി ജീവിക്കുന്നതിനുള്ള അവസരം ഒരുക്കണം. കൊച്ചിന്‍ കോര്‍പറേഷന്‍ സര്‍ക്കാര്‍ പിരിച്ചുവിടാത്തത് എന്തുകൊണ്ടെന്നും ഹൈക്കോടതി ചോദിച്ചു. കൊച്ചി നഗരത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോര്‍പറേഷന് കഴിയുന്നില്ലെങ്കില്‍ സര്‍ക്കാര്‍ ഭരണം ഏറ്റെടുക്കണം. എന്തുകൊണ്ട് ഇത്തരം നടപടി സര്‍ക്കാര്‍ ചെയ്യുന്നില്ല. നൂറുകണക്കിന് മനുഷ്യര്‍ ഇന്നും വെള്ളത്തില്‍ ജീവിക്കുന്ന ഒരു സാഹചര്യമാണുള്ളതെന്ന് ഹൈക്കോടതി എടുത്തുപറഞ്ഞു.
കൊച്ചി നഗരമധ്യത്തില്‍ കൂടി പോകുന്ന പേരണ്ടൂര്‍ കനാല്‍ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെമുതല്‍ നിരവധി പരാതികളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു അഡ്വക്കേറ്റ് കമ്മീഷനെ കോടതി നിയോഗിച്ചിരുന്നു. കനാല്‍ ശുചീകരണം ഒരിക്കലും പൂര്‍ത്തിയാകുന്നില്ലെന്നായിരുന്നു കമ്മീഷന്റെ കണ്ടെത്തല്‍.കനാല്‍ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേയാണ് നഗരസഭയ്‌ക്കെതിരെ കോടതി വിമര്‍ശനം ഉന്നയിച്ചത്. മുനിസിപ്പാലിറ്റീസ് ആക്ട് അനുസരിച്ച് സര്‍ക്കാരിന് വേണമെങ്കില്‍ നഗരസഭയെ പിരിച്ചുവിട്ടുകൂടെയെന്നും കോടതി ചോദിച്ചു.
കൊച്ചിയെ സിങ്കപ്പുര്‍ നഗരം പോലെയാക്കണമെന്ന് പറയുന്നില്ല. പക്ഷെ ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടാകണം. വെള്ളപ്പൊക്കമുണ്ടാകുന്ന സാഹചര്യത്തില്‍ സമ്പന്നര്‍ക്ക് അതിവേഗം രക്ഷപ്പെടാന്‍ കഴിഞ്ഞേക്കാം. പക്ഷെ സാധാരണക്കാര്‍ക്ക് അതിന് സാധിച്ചെന്നുവരില്ല. ഈയൊരു സാഹചര്യത്തില്‍ കോര്‍പറേഷന്‍ എന്തുകൊണ്ടാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു കോടതിയുടെ ചോദ്യം. വര്‍ഷാവര്‍ഷം ചെളി നീക്കുന്നതിന് വേണ്ടി കോടികളാണ് ചെലവഴിക്കുന്നത്. ഇത്രയധികം തുക ചെലവഴിച്ചിട്ടും എന്തുകൊണ്ട് ചെളിനീക്കല്‍ പൂര്‍ത്തിയാകുന്നില്ല. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് അടുത്ത ദിവസം തന്നെ അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
നൂറുകണക്കിന് വീടുകളാണ് കനത്ത മഴയെ തുടര്‍ന്ന് ഇന്നലെ വെള്ളത്തിലായത്. മഹാപ്രളയം ഉണ്ടായപ്പോള്‍ പോലും കൊച്ചി നഗരത്തില്‍ വെള്ളക്കെട്ടുണ്ടായിരുന്നില്ല. എന്നാല്‍ ഇന്നലെ ഒറ്റ മഴ പെയ്തപ്പോള്‍ തന്നെ കൊച്ചി നഗരം വെള്ളത്തില്‍ മുങ്ങുന്ന അവസ്ഥയായിരുന്നു. മുമ്പും ഈ വിഷയത്തില്‍ ഹൈക്കോടതി ഇടപെട്ടിട്ടുണ്ട്. റോഡിലെ കുഴികള്‍ അടയ്ക്കാന്‍ കോര്‍പറേഷന്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു.
Read More: എറണാകുളത്തെ വെള്ളക്കെട്ട്; അടിയന്തര നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം
കൊച്ചി വെള്ളത്തില്‍ മുങ്ങിയിട്ടും നഗരസഭയുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായില്ല. സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടാണ് അടിയന്തര നടപടികളെടുത്ത്. കൊച്ചി നഗരത്തിലെ വെള്ളം വറ്റിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ എന്ന പേരില്‍ കളക്ടറുടെ നേതൃത്വത്തില്‍ നടപടികളും ആരംഭിച്ചിരുന്നു.
നാളെ കേസുകളെല്ലാം വീണ്ടും കേള്‍ക്കുമെന്നും ഹൈക്കോടതി അറിയിച്ചു. സംസ്ഥാന സര്‍ക്കാരിനോട് നാളെ ഈ വിഷയത്തില്‍ കൃത്യമായ മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നാളെ അഡ്വക്കേറ്റ് ജനറല്‍ നേരിട്ട് ഹാജരായേക്കും. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. നാളെ കേസ് പരിഗണിക്കുമ്പോള്‍ കൊച്ചി കേര്‍പറേഷന്‍ വിഷയത്തില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കണം. സംസ്ഥാന സര്‍ക്കാര്‍ കോര്‍പറേഷനെതിരെ എന്ത് നടപടി സ്വീകരിക്കുമെന്നും അറിയിക്കണം.
വോട്ടിംഗ് ദിനമായ ഇന്നലെ ജനങ്ങള്‍ക്ക് സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. പോളിംഗ് ബൂത്തുകളില്‍ പോലും വെള്ളം കയറിയിരുന്നു. പോളിംഗ് ശതമാനത്തില്‍ ഉള്‍പ്പെടെ വന്‍ കുറവുണ്ടായി. ഇതിന്റെയെല്ലാം അടിസ്ഥാനത്താണ് കോടതി കടുത്ത വിമര്‍ശനം ഉന്നയിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here