സൗമിനി ജെയിനെ കൊച്ചി മേയര്‍ സ്ഥാനത്തുനിന്ന് മാറ്റാന്‍ പടയൊരുക്കം

സൗമിനി ജെയിനെ കൊച്ചി മേയര്‍ സ്ഥാനത്തുനിന്ന് മാറ്റാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അകത്തും പുറത്തും പടയൊരുക്കം. കൊച്ചി കോര്‍പറേഷനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചതോടെയാണ് സൗമിനി ജെയിനെ മേയര്‍ സ്ഥാനത്തുനിന്ന് മാറ്റണമെന്ന ആവശ്യം ശക്തമാകുന്നത്. സൗമിനി ജെയിനെതിരെ കെപിസിസി ജനറല്‍ സെക്രട്ടറിയും ജിസിഡിഎ മുന്‍ ചെയര്‍മാനുമായ വേണുഗോപാല്‍ രംഗത്തെത്തി. നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്ന കാര്യത്തില്‍ മേയര്‍ക്ക് പരാജയം സംഭവിച്ചിട്ടുണ്ടോയെന്ന് വിലയിരുത്തേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
സൗമിനി ജെയിനെ ഉടന്‍തന്നെ മേയര്‍ സ്ഥാനത്തുനിന്ന് മാറ്റുമെന്ന് കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് ചീഫ് വിപ്പ് എം വി മുരളീധരന് വ്യക്തമാക്കി. അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യുമ്പോള്‍ സൗമിനി ജെയിനെ മാറ്റി മറ്റൊരാളെ മേയറാക്കുന്നതിനാണ് നേതൃത്വം തീരുമാനിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സൗമിനി ജെയിനെ മാറ്റുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്നും സൗമിനി ജെയിനെ തെരുവില്‍ തടയുമെന്നും കോര്പറേഷന് പ്രതിപക്ഷ നേതാവ് കെ ജെ ആന്റണി പറഞ്ഞു. ജനങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള പ്രയോജനവുമില്ലാത്ത ഭരണമാണ് കോര്പറേഷന്റേത്.
അതേസമയം സമ്മര്‍ദത്തിന് വഴങ്ങി സ്ഥാനം ഒഴിയില്ലെന്ന നിലപാടിലാണ് മേയര്‍ സൗമിനി ജെയിന്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here