ബ്ലാസ്റ്റേഴ്സിന് ഇന്ന് രണ്ടാം അങ്കം; എതിരാളികൾ മുംബൈ സിറ്റി എഫ്സി

ഐഎസ്എൽ ആറാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് രണ്ടാം അങ്കം. മുംബൈ സിറ്റി എഫ്സിയാണ് ബ്ലാസ്റ്റേഴ്സിൻ്റെ എതിരാളികൾ. ബ്ലാസ്റ്റേഴ്സിൻ്റെ ഹോം ഗ്രൗണ്ടായ കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം.
കഴിഞ്ഞ മത്സരത്തിലെ ടീമിൽ കാര്യമായ മാറ്റങ്ങൾ ബ്ലാസ്റ്റേഴ്സ് നിരയിലുണ്ടാവാൻ സാധ്യതയില്ല. സഹൽ അബ്ദുൽ സമദ് ഫസ്റ്റ് ഇലവനിലേക്ക് തിരിച്ചെത്തുമോ എന്നാണ് അറിയേണ്ടത്. സഹൽ തിരികെ എത്തിയാൽ ടീം ഫോർമേഷൻ എങ്ങനെയാവുമെന്നും കണ്ടറിയണം. കഴിഞ്ഞ മത്സരത്തിൽ പ്രതിരോധമാണ് ബ്ലാസ്റ്റേഴ്സിനെ അലട്ടിയത്. അതിനു പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്. മുസ്തഫ നിങിൻ്റെ പ്രകടനം ആശ്വാസമാവും. ഒപ്പം ഒഗ്ബച്ചെ സ്കോർ ഷീറ്റിൽ ഉൾപ്പെട്ടതും പോസിറ്റീവ് ഘടകങ്ങളാണ്.
മുംബൈയെ സംബന്ധിച്ച് ജയത്തോടെ സീസൺ സ്റ്റാർട്ട് ചെയ്യുക എന്നതാവും ലക്ഷ്യം. കഴിഞ്ഞ സീസണുകളിൽ ഒഴിയാതെ ഒപ്പമുണ്ടായിരുന്ന ദൗർഭാഗ്യം മറികടക്കുക എന്നതും മുംബൈയുടെ ലക്ഷ്യത്തിൽ പെടും. കഴിഞ്ഞ സീസണിൻ്റെ രണ്ടാം പകുതിൽ ഗംഭീരമായി തിരികെ വന്ന മുംബൈ നിര ആ പ്രകടനം തുടരാനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ സീസണിലെ ടോപ്പ് സ്കോറർ പട്ടം കോറോയോടൊപ്പം പങ്കിട്ട മോഡു സൊഗൂ, ഡിയേഗോ കാർലോസ്, റയ്നീർ ഫെർണാണ്ടസ്, റൗളിൻ ബോർഗസ്, ബിപിൻ സിംഗ്, മുഹമ്മദ് റഫീഖ്, അൻവർ അലി, സുഭാഷിഷ് ബോസ്, സൗവിക് ചക്രബർത്തി തുടങ്ങി ഒരുപിടി മികച്ച താരങ്ങൾ മുംബൈ നിരയിലുണ്ട്. ഇന്ത്യൻ താരങ്ങളാവും മുംബൈ നിരയിലെ ശ്രദ്ധേയ ഘടകം.
മുംബൈയുടെ ആദ്യ മത്സരമാണിത്. ഐഎസ്എൽ ഉദ്ഘാടന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് തന്നെയായിരുന്നു കളത്തിലിറങ്ങിയത്. മത്സരത്തിൽ എടികെയെ നേരിട്ട ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ജയിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here