‘രാത്രിയെ പകലാക്കി കൈമെയ്യ് മറന്ന് പ്രവർത്തിച്ച സഖാക്കൾക്ക് അഭിവാദ്യങ്ങൾ’; വിജയത്തിൽ നന്ദി അറിയിച്ച് മേയർ ബ്രോയുടെ ഫേസ്ബുക്ക് കുറിപ്പ്

അഭിമാനാർഹമായ വിജയം സമ്മാനിച്ചതിന് നന്ദിയറിയിച്ചുകൊണ്ട് വികെ പ്രശാന്ത് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിട്ടുണ്ട്. ഈ വിജയം വട്ടിയൂർക്കാവിലെ ഓരോ വ്യക്തികൾക്കും, അതോടൊപ്പം കേരളത്തിനകത്തും രാജ്യത്തിന്റെ പലഭാഗത്ത് നിന്നും, നിരവധി വിദേശരാജ്യങ്ങളിൽ നിന്നും സോഷ്യൽ മീഡിയയിലൂടെയും, നേരിട്ടും പ്രചരണത്തിനും, പ്രവർത്തനങ്ങൾക്കും പിന്തുണ നൽ്കിയ മുഴുവൻ സുഹൃത്തുക്കൾക്കും സമർപ്പിക്കുന്നുവെന്നും പ്രശാന്ത് പറഞ്ഞു. എകെജി സെന്ററിന് മുന്നിൽ എൽഡിഎഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനം തുടങ്ങി.
സംസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലമാണ് വട്ടിയൂർക്കാവ്. 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ 70.23 ആയിരുന്നു പോളിംഗ്. ഇത്തവണ 62.66 ശതമാനമാണ് പോളിംഗ്. പോസ്റ്റൽ വോട്ട് എണ്ണി തുടങ്ങിയപ്പോൾ തന്നെ വൻ മുന്നേറ്റമാണ് വോട്ട് നിലയിൽ പ്രശാന്ത് കാഴ്ചവച്ചത്. 14251 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പ്രശാന്ത് വിജയിച്ചിരിക്കുന്നത്.
Read Also : വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ്; വി കെ പ്രശാന്ത് ഇനി ‘എംഎല്‍എ ബ്രോ’
അതേസമയം, ബിജെപിക്ക് നാണംകെട്ട തോൽവി സമ്മാനിച്ച് രണ്ടാം സ്ഥാനത്ത് കോൺഗ്രസാണ്. വട്ടിയൂർക്കാവിൽ തോൽവി സമ്മതിച്ച് കെ മോഹൻകുമാർ രംഗത്തെത്തിയിരുന്നു. ഫലം അപ്രതീക്ഷിതമല്ലെന്ന് മോഹൻകുമാർ തുറന്ന് സമ്മതിച്ചിരുന്നു. എൽഡിഎഫ് മുൻകൂട്ടി പ്രവർത്തനം നടത്തിയെന്നും മോഹൻകുമാർ പറഞ്ഞിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :
അഭിമാനാർഹമായ വിജയം സമ്മാനിച്ചതിന് നന്ദി ….
ഈ വിജയം വട്ടിയൂർക്കാവിലെ ഓരോ വ്യക്തികൾക്കും, അതോടൊപ്പം കേരളത്തിനകത്തും രാജ്യത്തിന്റെ പലഭാഗത്ത് നിന്നും, നിരവധി വിദേശരാജ്യങ്ങളിൽ നിന്നും സോഷ്യൽ മീഡിയയിലൂടെയും, നേരിട്ടും പ്രചരണത്തിനും, പ്രവർത്തനങ്ങൾക്കും പിന്തുണ നല്കിയ മുഴുവൻ സുഹൃത്തുക്കൾക്കും സമർപ്പിക്കുന്നു. എടുത്ത് പറയേണ്ടത് എന്‍റെ യുവസുഹൃത്തുക്കളോടാണ്. മതജാതി വിഭാഗീയ ചിന്തകളൊക്കെ മാറ്റിവച്ച് നാടിന്‍റെ മുന്നേറ്റത്തെ സഹായിക്കാനായി വോട്ടുചെയ്തവരും നിരവധിയാണ്. കക്ഷിരാഷ്ട്രീയം മാറ്റിവച്ചും LDFന് വോട്ടുചെയ്യാന്‍ നിരവധി ആളുകള്‍ മുന്നോട്ടുവന്നിട്ടുണ്ട് അവര്‍ക്കെല്ലാം ഹൃദയം നിറഞ്ഞ നന്ദി.
ഏറ്റവും പ്രധാനമായി എണ്ണയിട്ട യന്ത്രം പോലെ, രാത്രിയെ പകലാക്കി കൈമെയ്യ് മറന്ന് പ്രവർത്തിച്ച എന്റെ പ്രിയപ്പെട്ട സഖാക്കളെ ഹൃദയത്തോട് ചേർത്ത് അഭിവാദ്യം ചെയ്യുന്നു. സഖാക്കളെ, നമ്മുടെ ഈ വിജയം ജനങ്ങൾ നമുക്ക് തന്ന അംഗീകാരമാണ്, നമ്മുടെ ശരിയായ രാഷ്ട്രീയത്തിനും, വികസന കാഴ്ചപ്പാടിനും, ദിശാബോധമുള്ള പ്രവർത്തനങ്ങൾക്കും നല്കിയ അംഗീകാരം. തുടർന്നും നമുക്കതെല്ലാം കൂടുതൽ ശക്തമായി ഏറ്റെടുത്ത് മുന്നോട്ട് പോകണം. മുഴുവൻ സഖാക്കളും മണ്ഡലത്തിലെ ഓരോ വിഷയങ്ങളും ശ്രദ്ധാപൂർവ്വം പരിഗണിച്ച് നമുക്കൊരുമിച്ച് പരിഹാരം കാണാൻ ശ്രമിക്കാം.
പ്രിയമുള്ളവരേ, തുടർന്നും നിങ്ങളുടെ പിന്തുണ അനിവാര്യമാണ്. ഒറ്റയാൾ പ്രകടനങ്ങളല്ല, മനുഷ്യരുടെ കൂട്ടായ പോരാട്ടങ്ങളാണ് ചരിത്രമെഴുതിയിട്ടുള്ളത്. വട്ടിയൂർക്കാവിന്റെ വികസന ചരിത്രം നമുക്കൊരുമിച്ച് എഴുതാം.
അഭിവാദ്യങ്ങള്‍.#അപ്പോനമ്മളൊരുമിച്ച്അങ്ങിറങ്ങുവല്ലേ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here