‘മൂത്ത കുട്ടിയെ പീഡിപ്പിക്കുന്നത് നേരിട്ട് കണ്ടുവെന്ന് പറഞ്ഞിട്ടും നടപടിയെടുത്തില്ല’ : വാളയാർ കേസിൽ പെൺകുട്ടിയുടെ അമ്മ

വാളയാർ കേസിൽ പ്രതികളെ വെറുതെവിട്ടതിൽ പ്രതികരണവുമായി പെൺകുട്ടികളുടെ അമ്മ. പ്രതികളെ വെറുതെ വിടുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് അമ്മ പറഞ്ഞു.
അന്വേഷണ സംഘം തന്നെ പറഞ്ഞ് പറ്റിച്ചുവെന്നും കോടതിയിൽ എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നുവെന്നും അമ്മ പറഞ്ഞു. പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച വന്നത് കൊണ്ടാവും ഇങ്ങനെ സംഭവിച്ചതെന്നും മൂത്ത കുട്ടിയെ പീഡിപ്പിക്കുന്നത് നേരിട്ട് കണ്ടുവെന്നു പറഞ്ഞിട്ടും അവർ നടപടിയെടുത്തില്ലെന്നും അമ്മ കൂട്ടിച്ചേർത്തു. വിധി വരുന്നത് പോലും തങ്ങളെ അറിയിച്ചില്ലെന്നും അവർ പറഞ്ഞു.
ഇന്ന് ഉച്ചയോടെയാണ് വാളയാർ പീഡനക്കേസിൽ കോടതി വിധി വരുന്നത്. കേസിൽ പ്രതികളായ മൂന്ന് പേരെയും കോടതി വെറുതെ വിടുകയായിരുന്നു. പ്രായപൂർത്തിയാകാത്ത സഹോദരിമാർ തൂങ്ങി മരിച്ച സംഭവത്തിലാണ് പാലക്കാട് പോക്സോ കോടതിയുടെ വിധി.
Read Also : വാളയാർ കേസ്; മൂന്ന് പ്രതികളെയും വെറുതെ വിട്ടു
രണ്ട് പെൺകുട്ടികളും ലൈംഗിക ചൂഷണത്തിന് വിധേയമായിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉണ്ടായിരുന്നു. കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു. വി.മധു , എം.മധു, ഷിബു എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. നേരത്തെ മൂന്നാം പ്രതി പ്രദീപിനെയും കോടതി വെറുതെ വിട്ടിരുന്നു.
2017 ജനുവരിയിലും മാർച്ചിലുമായാണ് വാളയാറിലെ 13 ഉം 9 ഉം വയസുകാരായ രണ്ട് പെൺകുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിക്കുന്നത്. സംഭവം നടന്ന് രണ്ട് വർഷം ആയിട്ടും വിചാരണ ആരംഭിച്ചിരുന്നില്ല. അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി സോജനും കേസിൽ ഹാജരാകുന്ന സ്പെഷ്യൽ പ്രോസിക്യൂട്ടർ ലതാ ജയരാജും തമ്മിലുളള അഭിപ്രായ ഭിന്നതയായിരുന്നു ഇതിന് കാരണം. ഇത് അസാധാരണമായ കേസാണെന്നും, മറ്റൊരു സ്പെഷ്യൽ പ്രൊസീക്യൂട്ടർ കേസിൽ ഹാജരാകണമെന്നും ആവശ്യപ്പെട്ട് പൊലീസ് സർക്കാരിന് കത്തെഴുതിയിരുന്നു.
എന്നാൽ കേസിൽ മതിയായ തെളിവുകളില്ലെന്നും, കേസിൽ ഹാജരാകുന്നതിൽ ബുദ്ധിമുട്ടുണ്ടെന്നുമാണ് സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ലതാ ജയരാജിന്റെ വിശദീകരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here