മരിച്ചത് മാനസിക രോഗികൾ; കരമനയിലെ മരണങ്ങളിൽ ദുരൂഹതയുണ്ടെന്ന് പരാതിക്കാരി

കരമനയിലെ ജയമാധവന്റേയും ജയപ്രകാശിന്റേയും മരണം ദുരൂഹമെന്ന് പരാതിക്കാരി പ്രസന്നകുമാരി. ഇവർ മാനസിക രോഗികളായിരുന്നുവെന്നും ഇത് തെളിയിക്കുന്ന രേഖകൾ കത്തിച്ചു കളഞ്ഞിരുന്നുവെന്നും പ്രസന്നകുമാരി പറയുന്നു. ഇവരുടെ പേരിൽ വ്യാജമായി തയ്യാറാക്കിയ ഒസ്യത്ത് നിയമപരമാണെന്ന് തെളിയിക്കാനാണ് വീട്ടിലെ കാര്യസ്ഥനായിരുന്ന രവീന്ദ്രൻ നായരും സംഘവും ഇത് ചെയ്തതെന്ന് സംശയിക്കുന്നതായും പ്രസന്നകുമാരി പറഞ്ഞു.
ജയമാധവന്റെ മൃതശരീരം ധൃതിപിടിച്ച് സംസ്‌ക്കരിച്ചതിൽ ദുരൂഹതയുണ്ട്. ജയമാധവന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ആവശ്യപ്പെട്ടപ്പോൾ കാര്യസ്ഥൻ ഭീക്ഷണിപ്പെടുത്തിയിരുന്നുവെന്നും പ്രസന്നകുമാരി കൂട്ടിച്ചേർത്തു.
കരമന, കുളത്തറ, ഉമാ മന്ദിരത്തിൽ, കൂടത്തിൽ കുടുംബാംഗങ്ങളായ ഏഴുപേരാണ് രണ്ടായിരത്തിനും 2017നും ഇടയിൽ മരിച്ചത്. ഗോപിനാഥൻ നായർ, ഭാര്യ സുമുഖിഅമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണൻ, ജയപ്രകാശ്, ഗോപിനാഥൻ നായരുടെ സഹോദരൻ വേലുപ്പിള്ളയുടെ മകൻ ഉണ്ണികൃഷ്ണൻ നായർ, ഗോപിനാഥൻ നായരുടെ മറ്റൊരു സഹോദരനായ നാരായണപിള്ളയുടെ മകൻ ജയമാധവൻ എന്നിവരാണ് മരിച്ചത്. ഇതിൽ ഉണ്ണികൃഷ്ണന്റെ ഭാര്യയാണ് പ്രസന്നകുമാരി. ഉണ്ണികൃഷ്ണന്റേയും പ്രസന്നകുമാരിയുടെയും മകനായ പ്രകാശാണ് ഈ സ്വത്തുക്കളുടെ ഏക അവകാശിയെന്നാണ് വിവരം. ബംഗളൂരുവിലുള്ള പ്രകാശ് പവർ ഓഫ് അറ്റോർണി എഴുതി നൽകിയിരിക്കുന്നത് പ്രസന്നകുമാരിയുടെ പേരിലാണ്. ഈ അടിസ്ഥാനത്തിലാണ് പ്രസന്നകുമാരി പരാതിയുമായി പൊലീസിനെ സമീപിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here