Advertisement

വാളയാര്‍ പീഡനക്കേസ്; നിങ്ങള്‍ക്ക് എന്താണ് പണി…? മന്ത്രി എ കെ ബാലനോട് വി ടി ബല്‍റാം

October 26, 2019
1 minute Read

വാളയാര്‍ പീഡനക്കേസില്‍ പ്രതികളെ വെറുതെ വിട്ട സംഭവത്തില്‍ പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലനോട് ചോദ്യമുന്നയിച്ച് വി ടി ബല്‍റാം എംഎല്‍എ. ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രിയോട് വി ടി ബല്‍റാം ചോദ്യം ഉന്നയിച്ചിരിക്കുന്നത്.

നിങ്ങള്‍ക്ക് ശരിക്കും എന്താണ് പണി…? എന്ന് ചോദിച്ചാണ് ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. ക്രിമിനല്‍ കേസ് അന്വേഷണം പ്രാദേശിക ജനപ്രതിനിധികളുടെ പണിയല്ല. ക്രിമിനല്‍ കേസില്‍ ഇരകള്‍ പട്ടികജാതിക്കാരാണെങ്കില്‍പ്പോലും അന്വേഷണം നടത്തുന്നത് പട്ടികജാതി ക്ഷേമ വകുപ്പോ അതിന്റെ ചുമതലയുള്ള മന്ത്രിയോ അല്ലെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Read More:വാളയാര്‍ സഹോദരിമാരുടെ ദുരൂഹമരണം; അന്വേഷണം അട്ടിമറിച്ചു (ട്വന്റിഫോര്‍ അന്വേഷണം)

സെഷന്‍സ് പ്രോസിക്യൂട്ടര്‍മാരെ നിയമിക്കുന്നത് നിയമ വകുപ്പാണെങ്കിലും അവര്‍ക്കാവശ്യമായ കൃത്യമായ തെളിവുകളും സാക്ഷികളേയും എത്തിച്ചു കൊടുക്കേണ്ടത് അന്വേഷണം നടത്തുന്ന പൊലീസാണ്. ക്രിമിനല്‍ ജസ്റ്റീസ് അഡ്മിനിസ്‌ട്രേഷന്‍ എന്നത് പൊതുവില്‍ ആഭ്യന്തര വകുപ്പിന്റെ ചുമതലയാണ്. എന്നിട്ടും ആ പൊലീസിന്റെ/ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാന്‍ ധൈര്യപ്പെടാതെ പട്ടികജാതി ക്ഷേമ/നിയമ മന്ത്രിയിലേക്ക് മാത്രം ചോദ്യം വഴിതിരിച്ചുവിടുന്ന മാധ്യമ പ്രവര്‍ത്തകരോട് തിരിച്ച് ഒരയൊരു ചോദ്യം… നിങ്ങള്‍ക്ക് ഇതു തന്നെയാണോ പണി? എന്ന് ചോദിച്ചാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

വാളയാറിലെ സഹോദരിമാരുടെ ദുരൂഹ മരണം നടന്ന് രണ്ടുവര്‍ഷം പിന്നിട്ടപ്പോള്‍ തന്നെ അന്വേഷണം അട്ടിമറിക്കപ്പെട്ടെന്ന് ട്വന്റിഫോര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊലപാതക സാധ്യത അന്വേഷിക്കണമെന്ന അന്നത്തെ പൊലീസ് സര്‍ജന്‍ പി ബി ഗുജറാളിന്റെ നിര്‍ദേശം അന്വേഷണസംഘം മുഖവിലയ്‌ക്കെടുത്തില്ലെന്നതിന് തെളിവുകള്‍ ട്വിന്റിഫോറിന് ലഭിച്ചിരുന്നു. അതോടൊപ്പം നിലവില്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍ക്ക് എതിരെ മതിയായ തെളിവുകള്‍ ഇല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി സോജനും വെളിപ്പെടുത്തിയിരുന്നു.

വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ തൂങ്ങി മരിച്ച സംഭവത്തില്‍ മൂന്ന് പ്രതികളെയും പാലക്കാട് പോക്‌സോ കോടതി വെറുതെ വിട്ടിരുന്നു. രണ്ട് പെണ്‍കുട്ടികളും ലൈംഗിക ചൂഷണത്തിന് വിധേയമായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നുവെങ്കിലും കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. വി.മധു , എം.മധു, ഷിബു എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. 2017 ജനുവരിയിലും മാര്‍ച്ചിലുമായാണ് വാളയാറിലെ 13 ഉം ഒമ്പതും വയസുകാരായ രണ്ട് പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top