തിരുവനന്തപുരം കോർപ്പറേഷൻ മേയർ സ്ഥാനം വികെ പ്രശാന്ത് ഇന്ന് സ്ഥാനമൊഴിയും

തിരുവനന്തപുരം കോർപ്പറേഷൻ മേയർ സ്ഥാനം വികെ പ്രശാന്ത് ഇന്നു രാജിവെയ്ക്കും. കോർപ്പറേഷൻ കൗൺസലിൽ മേയറായി പ്രശാന്ത് പങ്കെടുക്കുന്ന അവസാനയോഗവും ഇന്നാണ്. പ്രശാന്തിന്റെ പിൻഗാമിയെ തെരഞ്ഞെടുക്കുന്നതിനുള്ള ചർച്ചകൾ സജീവമായി.
നിയമസഭയിലേക്ക് തെരഞ്ഞെടുത്തതിനെ തുടർന്നാണ് വികെ പ്രശാന്ത് മേയർ സ്ഥാനം രാജിവെയ്ക്കുന്നത്. കഴക്കൂട്ടം വാർഡിൽ നിന്നാണ് വികെ പ്രശാന്ത് കോർപ്പറേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മുതിർന്ന നേതാക്കളെ മേയർ സ്ഥാനത്തേക്ക് പരിഗണിച്ചെങ്കിലും യുവാവെന്ന പരിഗണന പ്രശാന്തിനു തുണയാകുകയായിരുന്നു. മേയറെന്ന നിലയിൽ മികച്ച പ്രതിച്ഛായയാണ് കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ പ്രശാന്ത് നേടിയെടുത്തത്. പ്രളയത്തിൽ കഷ്ടത അനുഭവിച്ച വടക്കൻ ജില്ലകളിലെ ജനങ്ങൾക്കായി ദുരിതാശ്വാസത്തിനു നേതൃത്വം നൽകി തിരുവനന്തപുരത്തിന്റെ മേയർ ജനമനസ്സ് കീഴടക്കി . ഇന്നു നടക്കുന്ന കോർപ്പറേഷൻ കൗൺസിലിൽ പങ്കെടുത്തശേഷം പ്രശാന്ത് രാജി സമർപ്പിക്കും. 28നു പുതിയ മേയർ സ്ഥാനമേൽക്കും. പുതിയ മേയറെ കണ്ടെത്താനുള്ള ചർച്ചകൾ സജീവമായി. സിപിഎം ജില്ലാ കമ്മിറ്റി ഇതിനായി ഉടൻ യോഗം ചേരും.
നിലവിൽ നാല് പേരെയാണ് മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. മുതിർന്ന നേതാവ് കെ ശ്രീകുമാർ, എസ് പുഷ്പലത, ആർപി ശിവജി, പി ബാബു എന്നിവരാണ് പരിഗണനാപട്ടികയിലുള്ളത്. യുവാക്കൾക്ക് പ്രാതിനിധ്യം നൽകണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. അങ്ങനെ വന്നാൽ കുന്നുകുഴി കൗൺസിലറായ ഐപി ബിനുവിന്റെ പേരും പരിഗണിക്കും. ഭൂരിപക്ഷം കുറവായതിനാൽ ഭരണം മുന്നോട്ട് കൊണ്ടുപോകാനും തീരുമാനങ്ങൾ കൗൺസിലിൽ അംഗീകരിക്കാനും യുഡിഎഫിന്റെ സഹകരണം അത്യാവശ്യമാണ്. അതിനാൽ ഇതു കൂടി കണക്കിലെടുത്തുകൊണ്ടുള്ള തീരുമാനമാകും സിപിഎം ജില്ലാ കമ്മിറ്റിയെടുക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here