ബസുകളിൽ 13,000 സുരക്ഷാ ഉദ്യോഗസ്ഥർ; സ്ത്രീ സുരക്ഷയ്ക്ക് ഊന്നൽ നൽകി കൂടുതൽ പദ്ധതികൾ പ്രഖ്യാപിച്ച് അരവിന്ദ് കെജ്‌രിവാൾ

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഡൽഹിയിൽ സ്ത്രീ സുരക്ഷയ്ക്ക് ഊന്നൽ നൽകുന്ന കൂടുതൽ പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. നാളെ മുതൽ ഡൽഹിയിലെ ബസുകളിൽ പതിമൂവായിരം സുരക്ഷാ ഉദ്യോഗസ്ഥരെ സ്ത്രീ സുരക്ഷയ്ക്കായി നിയോഗിക്കുമെന്ന് അരവിന്ദ് കെജ്‌രിവാൾ പ്രഖ്യാപിച്ചു. ബസുകളിൽ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിക്കും നാളെ തുടക്കമാകും.
നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് സ്ത്രീ സുരക്ഷയെന്ന അജൻഡ മുന്നിൽവച്ച് അരവിന്ദ് കെജ്‌രിവാൾ തുടർച്ചയായി പദ്ധതികൾ പ്രഖ്യാപിക്കുന്നത്. ഡൽഹി മെട്രോയിലും ട്രാൻസ്‌പോർട്ട് കോർപറേഷന്റെ ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര നേരത്തെ പ്രഖ്യാപിച്ചിരുന്നു. ‘സഹോദരീ, സഹോദരാ’ ബന്ധം ഊഷ്മളമാക്കുന്ന ഭായ് ധൂജ് നാളെ ആഘോഷിക്കുന്ന വേളയിലാണ് സ്ത്രീകൾക്ക് സൗജന്യ യാത്രാ പദ്ധതിക്ക് തുടക്കമിടുന്നത്. ഡൽഹി ട്രാൻസ്‌പോർട്ട് കോർപറേഷന്റെ ബസുകളിൽ നാളെ മുതൽ പതിമൂവായിരം സുരക്ഷാ ഉദ്യോഗസ്ഥരെ അധികമായി നിയോഗിക്കും.
നിർഭയ കേസിൽ സ്ത്രീ സുരക്ഷ ഉയർത്തിക്കാട്ടി ഡൽഹി ഭരണം പിടിച്ച ആംആദ്മി പാർട്ടി, വരുന്ന തെരഞ്ഞെടുപ്പിലും സ്ത്രീ സുരക്ഷ തങ്ങളുടെ കൈയിൽ ഭദ്രമാണെന്ന സന്ദേശം നൽകാനാണ് ശ്രമിക്കുന്നത്. ഡൽഹിയുടെ മൂത്ത പുത്രനാണ് താനെന്ന് കെജ്‌രിവാൾ പൊതുവേദികളിൽ ആവർത്തിക്കുന്നതും ശ്രദ്ധേയമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here