അട്ടപ്പാടി മാവോയിസ്റ്റ് ഏറ്റുമുട്ടൽ: ഭരണകൂട ഭീകരതയെന്ന് ചെന്നിത്തല; നിയമലംഘനമുണ്ടായതായി റിപ്പോർട്ട് ലഭിച്ചില്ലെന്ന് ഗവർണർ

അട്ടപ്പാടിയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടൽ ഭരണകൂട ഭീകരതയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ഏറ്റുമുട്ടലിനെ ന്യായീകരിക്കാൻ പാടില്ലായിരുന്നു.
അതേ സമയം, മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ നിയമലംഘനമുണ്ടായതായി റിപ്പോർട്ടൊന്നും ലഭിച്ചില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളോട് പറഞ്ഞു. നിയമലംഘനമുണ്ടെങ്കിൽ തീർച്ചയായും ഇടപെടുമെന്ന് ഗവർണർ വ്യക്തമാക്കി.
അട്ടപ്പാടിയിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിൽ അല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞിരുന്നു. സ്വയ രക്ഷയ്ക്ക് വേണ്ടിയാണ് പൊലീസ് മാവോയിസ്റ്റുകളെ വെടിവച്ചത്. വീഴ്ചയുണ്ടായെങ്കിൽ തുറന്ന മനസോടെ പരിശോധിക്കുമെന്നും പിണറായി പറഞ്ഞു.
പെട്രോളിങ്ങിനിടെ മാവോയിസ്റ്റുകൾ പൊലീസിന് നേരെ വെടിവെക്കുകയായിരുന്നു. എകെ 47 അടക്കമുള്ള ആധുനിക ആയുധങ്ങൾ അവരുടെ പക്കലുണ്ടായിരുന്നു. മാവോയിസ്റ്റുകൾക്ക് വല്ലാത്ത പരിവേഷം നൽകേണ്ടതില്ല. അയ്യാ കൊഞ്ചം അരി താ എന്ന് മാത്രം പറയുന്നവരല്ല മാവോയിസ്റ്റ് . മാവോയിസ്റ്റ് ആയത് കൊണ്ട് ആരും കൊല്ലപ്പെടില്ല. സംസ്ഥാനത്തിന് പുറത്തുള്ളവർ വന്ന് ഇവിടുത്തെ ജനാധിപത്യത്തെ വെല്ലുവിളിക്കാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
എന്നാൽ, മുഖ്യമന്ത്രിയുടെ വാദത്തെ പ്രതിപക്ഷം ശക്തമായെതിർത്തു. കൊടിയ കുറ്റവാളികളാണെങ്കിൽ പോലും വെടിവെച്ചുകൊല്ലാൻ ആർക്കാണ് അവകാശമെന്നായിരുന്നു അടിയന്തിര പ്രമേയത്തിന് അവതരണാനുമതി തേടിയ എൻ ഷംസുദ്ദീൻ ചോദിച്ചു. സർക്കാർ തെറ്റ് തിരുത്തണമെന്നും സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here