Advertisement

കാള പെറ്റെന്ന് ഘോഷിക്കുന്നവർ, കയറുമായി ഇങ്ങോട്ട് വരണ്ട; ടയർ വിവാദത്തിൽ പ്രതികരണവുമായി എംഎം മണി

October 30, 2019
1 minute Read
mm mani

തൻ്റെ കാറിൻ്റെ ടയർ മാറ്റിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി വൈദ്യുത മന്ത്രി എംഎം മണി. വിവരാവകാശ കണക്കിൽ ടയറിൻ്റെ എണ്ണം മാത്രമാണ് പറയുന്നതെന്നും എത്ര ദൂരം വണ്ടി ഓടിയെന്ന് പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്.

എംഎം മണിയുടെ കുറിപ്പ്:

വിവരാവകാശത്തില്‍ കിട്ടിയ ഒരു ടയര്‍ കണക്ക് വൈറലായി ഓടുന്നുണ്ടല്ലോ… ട്രോളന്‍മാര്‍ ട്രോളട്ടെ … തമാശയല്ലേ ആസ്വദിക്കാം എന്നാണ് ആദ്യം എടുത്തത്.
എന്നാല്‍ അത് നിര്‍ദോഷമായ ഒരു തമാശ എന്ന നിലയില്‍ നിന്നും അപവാദ പ്രചരണത്തിനുള്ള ഉപാധിയായി മാറുമ്പോള്‍ വസ്തുതയും തെറ്റിധരിപ്പിക്കപ്പെട്ടവര്‍ അറിയണമല്ലോ എന്ന് തോന്നി.
എനിക്ക് അനുവദിച്ച ക്രിസ്റ്റ കാറിന്റെ (KL-01-CB – 8340 ) ടയര്‍ 34 എണ്ണം മാറി (10 തവണ ) എന്നതു മാത്രമാണ് വിവരാവകാശ കണക്കായി പുറത്ത് വന്നത്.
ഈ കാര്‍ ആ പറയുന്ന കാലഘട്ടത്തില്‍ ആകെ എത്ര ദൂരം ഓടി , എവിടെ ഓടി എന്ന കണക്ക് കൂടി പറയേണ്ടതുണ്ട് എന്ന് തോന്നി.

സാധാരണ റോഡുകളില്‍ ഓടുമ്പോള്‍ സുരക്ഷിതമായി ഓടുന്നതിന് ക്രിസ്റ്റ കാറിന്റെ ടയറുകള്‍ക്ക് കിട്ടുന്ന മൈലേജ് ശരാശരി 20,000 കി. മി. മാത്രമാണ്.

ഈ കാര്‍ ഈ കാലയളവില്‍ ആകെ ഓടിയത് 1,24,075 കി.മീ. യാണ് . ഇതില്‍ ഭൂരിഭാഗവും ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയില്‍ കുത്തനെയുള്ള കയറ്റവും ഇറക്കവും കൊടുംവളവുകളും പുളവുകളും നിറഞ്ഞ റോഡുകളിലാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളില്‍ സമയത്ത് ഓടിയെത്താന്‍ അത്യാവശ്യം വേഗത്തില്‍ തന്നെയാണ് വണ്ടി പോയിട്ടുള്ളത്. ഇതിന്റെയൊക്കെ ഫലമായി ടയറിന്റെ ആയുസ് കുറയും. എന്നിട്ടും #14597# കിലോമീറ്റര്‍ മൈലേജ് ടയറുകള്‍ക്ക് കിട്ടിയിട്ടുണ്ട്.

കണക്ക് ചിത്രത്തിലുണ്ട്.

മന്ത്രിയുടെ വണ്ടിയുടെ ടയര്‍ മാറുന്നത് മന്ത്രിയോ മന്ത്രിയുടെ ഓഫിസില്‍ നിന്നോ അല്ല. പകരം ടൂറിസം വകുപ്പിലെ ചുമതലയുള്ള സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരാണ്. ടയര്‍ പരിശോധിച്ച് മാറേണ്ടതുണ്ട് എന്ന് കൃത്യമായി ബോധ്യപ്പെടുന്നതിന്റെ അടിസ്ഥാനത്തിലാണിത് . അല്ലാതെ യാത്രയ്ക്കിടെ അത്യാവശം വന്ന് 34 ടയറുകള്‍ മാറിയിട്ടുണ്ട് എന്ന് കണക്കെഴുതി മന്ത്രി പണം പറ്റുകയല്ല. ടയര്‍ വാങ്ങി വിറ്റു പണമുണ്ടാക്കി എന്നൊക്കെ തെറ്റിധരിച്ചു പോയവരുണ്ടെങ്കില്‍ അവര്‍ കാര്യം മനസ്സിലാക്കും എന്ന് കരുതുന്നു.

കാള പെറ്റു എന്ന് ഘോഷിക്കുന്നവര്‍, കയ്യിലെ കയറുമായി ഇങ്ങോട്ടു വരണ്ട.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top