മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ വിസമ്മതിച്ച് ബന്ധുക്കൾ

അട്ടപ്പാടി മഞ്ചക്കണ്ടി വനത്തിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ വിസമ്മതിച്ച് ബന്ധുക്കൾ. കൊല്ലപ്പെട്ട കാർത്തിക്കിന്റെയും കബനീദളം നേതാവ് മണിവാസകത്തിന്റെയും ബന്ധുക്കളാണ് മൃതദേഹങ്ങൾ ഏറ്റെടുക്കില്ലെന്ന് അറിയിച്ചത്. പോസ്റ്റ്‌മോർട്ടത്തിന് മുൻപ് മൃതദേഹം തിരിച്ചറിയാൻ അവസരം നൽകുമെന്ന് പൊലീസ് പറഞ്ഞിരുന്നെങ്കിലും ബന്ധുക്കളെ കാണിച്ചിരുന്നില്ല. ഇതിൽ പ്രതിഷേധിച്ചാണ് നടപടി.
പൊലീസ് അറിയിച്ചതനുസരിച്ച് തമിഴ്‌നാട്ടിൽ നിന്നും എത്തിയതാണ് തങ്ങളെന്നും എന്നാൽ, പോസ്റ്റുമോർട്ടത്തിന് മുൻപ് മൃതദേഹം കാണാൻ അനുവദിച്ചല്ലെന്നും കൊല്ലപ്പെട്ട മാവോയിസ്റ്റ് കാർത്തിക്കിന്റെ അമ്മ പറഞ്ഞു. ഇൻക്വസ്റ്റിനു മുൻപു നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും മൃതദേഹങ്ങൾ റീപോസ്റ്റ്‌മോർട്ടം നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടു.
മണിവാസകത്തെ പൊലീസ് 30 വർഷമായി വേട്ടയാടുകയായിരുന്നുവെന്നും ഇയാളെ കൊന്നത് എന്തിനെന്നറിയാതെ മൃതദേഹം ഏറ്റെടുക്കില്ലെന്നും മണിവാസകത്തിന്റെ സഹോദരി വ്യക്തമാക്കി.
അതേസമയം, കൊല്ലപ്പെട്ട മാവോയിസ്റ്റ് രമയുടെ ശരീരത്തിൽനിന്ന് 5 തിരകൾ പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. തലയിൽ ഉൾപ്പെടെ ഇവരുടെ ശരീരത്തിൽ വെടിയേറ്റതിന്റെ നിരവധി മുറിവുകളുണ്ട്. വെടിവെപ്പിൽ കാർത്തിക്കിന്റെ ഇടത് കൈപ്പത്തി തകർന്നതായും വലത് നെഞ്ചിലൂടെ വെടിയുണ്ട കടന്ന് പോയതായും വ്യക്തമായിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here