ട്വന്റിഫോറിന്റെ ചര്‍ച്ചാവേദി സ്വാഗതാര്‍ഹം; നവകേരള നിര്‍മാണം എല്ലാവരും ചേര്‍ന്ന് നടത്തുന്നത്; മുഖ്യമന്ത്രി

നവകേരള പുനര്‍നിര്‍മാണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ട്വന്റിഫോര്‍ ന്യൂസ് ചാനല്‍ സംഘടിപ്പിക്കുന്ന ചര്‍ച്ചാവേദി ‘റൗണ്ട് ടേബിള്‍’ സ്വാഗതാര്‍ഹമായ പരിപാടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുനര്‍നിര്‍മാണം സര്‍ക്കാരിന് മാത്രമായി ചെയ്യാന്‍ പറ്റുന്ന കാര്യമല്ല. സംസ്ഥാന സര്‍ക്കിന് അതിന്റെ ചുമതലയുണ്ടെങ്കിലും ഇത്തരത്തില്‍ എല്ലാവരും ചേര്‍ന്ന് വിജയിപ്പിക്കേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം കവടിയാര്‍ ഗോള്‍ഫ് ലിങ്ക്‌സ് റോഡിലെ ഉദയ് പാലസില്‍ നടക്കുന്ന റൗണ്ട് ടേബിള്‍ ചര്‍ച്ച ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഏതെല്ലാം രംഗങ്ങളില്‍ മാറ്റം വേണമെന്നതിന് എല്ലാവരുടെയും അഭിപ്രായം സ്വീകരിക്കണം. അതിനായി സര്‍ക്കാര്‍ ഒരു വെബ്‌സൈറ്റ് ആരംഭിക്കും. നവകേരളം എങ്ങനെവേണമെന്ന ആശയം എല്ലാവര്‍ക്കും രേഖപ്പെടുത്താം. പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട ആശയങ്ങള്‍ എല്ലാവര്‍ക്കുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് ഒട്ടേറെ കാര്യങ്ങള്‍ നടക്കുന്നുണ്ട്. പുനര്‍നിര്‍മാണം വിവിധ മേഖലകളില്‍ വേണം. പശ്ചാത്തല സൗകര്യം, അടിസ്ഥാന വികസനം എന്നിവയൊക്കെ വലുതായി കാണണം. ജനങ്ങള്‍ക്ക് ഉപകാര പ്രദമായ കാര്യങ്ങള്‍ പെട്ടെന്ന് നടപ്പിലാക്കുകയാണ് ചെയ്യുന്നത്. ഉദ്യോഗസ്ഥ വിഭാഗത്തിലൂടെയാണ് ഇത് നടപ്പിലാക്കുന്നത്. ഉദ്യോഗസ്ഥ വിഭാഗം ആര്‍ജിച്ച രീതികള്‍ സംസ്ഥാനത്ത് ഒട്ടേറെ പ്രതിബന്ധങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഉദ്യേഗസ്ഥ തലത്തില്‍ തന്നെ പുതിയ രീതി വേണം. പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി ആധുനിക സംവിധാനങ്ങള്‍ എത്തിക്കും. അത് ഉദ്യോഗസ്ഥരിലൂടെയാണ് നടപ്പിലാക്കുക. അവരും പുതിയ രീതികള്‍ സ്വായത്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ നേതാക്കള്‍, സാങ്കേതികവിഷയ വിദഗ്ധര്‍, വ്യാവസായിക പ്രമുഖര്‍ തുടങ്ങിയവര്‍ റൗണ്ട് ടേബിളില്‍ പങ്കെടുക്കുന്നുണ്ട്. റൗണ്ട് ടേബിളില്‍ ഉരുത്തിരിയുന്ന നിര്‍ദേശങ്ങള്‍ ട്വന്റിഫോര്‍ ന്യൂസ് ചാനല്‍ സര്‍ക്കാരിന് സമര്‍പ്പിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here