മത്സ്യബന്ധനത്തിനു പോയ എട്ടു തോണികൾ കരക്കെത്തിച്ചു; ഇനി കണ്ടെത്താനുള്ളത് ഒൻപത് തോണികൾ

കണ്ണൂരിൽ നിന്നും മത്സ്യബന്ധനത്തിന് പോയ എട്ട് തോണികൾ മറൈൻ എൻഫോഴ്സ്മെന്റിന്റെയും ഡിപ്പാർട്ട്മെന്റിന്റെയും പരിശ്രമത്തിൽ കരക്കെത്തിച്ചു. 8 തോണികളിലായി 20 തൊഴിലാളികൾ ഉണ്ടായിരുന്നു. ഷെമിന മോൾ എന്ന പേരിലുള്ള ഒരു തോണി അഴീക്കൽ അഴിമുഖത്തിന്റെ അടുത്ത് വച്ച് തകർന്നിരുന്നു. ഈ തോണിയിലുണ്ടായിരുന്ന 3 തൊഴിലാളികളെ രക്ഷപ്പെടുത്തി.
തലശ്ശേരിയിൽ നിന്ന് പോയ അഞ്ചു തോണികളും മാപ്പിള ബേയിൽ നിന്നു പോയ രണ്ട് തോണികളും ഇനിയും കരയ്ക്കടുക്കാനുണ്ട്. ഇതിൽ അഞ്ചു തോണികൾ ഓരോ പ്രദേശത്തായി തിരിച്ചറിയാൻ സാധിച്ചിട്ടുണ്ട്. കണ്ണൂരിൽ നിന്ന് പുറപ്പെട്ട രണ്ട് തോണികളും കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇതിൽ ആറ് തൊഴിലാളികൾ ഉണ്ട്. ഈ രണ്ട് തോണികളും രണ്ട് ദിവസം മുൻപ് ഉൾക്കടലിൽ ഒഴുക്കു വലക്ക് പോയതാണെന്നും ഉടമസ്ഥർ പറയുന്നു. ഇവരെ രക്ഷപ്പെടുത്തുന്നതിന് കോസ്റ്റ് ഗാർഡിന്റെയും നേവിയുടെയും സഹായം തേടിയിട്ടുണ്ട്.
അതേ സമയം, മഹാ ചുഴലിക്കാറ്റ് ഇന്ന് (ഒക്ടോബർ 31) രാത്രിയോടെ മധ്യ-കിഴക്കൻ അറബിക്കടലിൽ കൂടുതൽ കരുത്ത് പ്രാപിച്ച് അതിശക്തമായ ചുഴലിക്കാറ്റ് ആയി മാറുമെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിരുന്നു. കാറ്റിന്റെ പരമാവധി വേഗത മണിക്കൂറിൽ 118 മുതൽ 166 കിമീ വരെ ആയിരിക്കുമെന്നും ദുരന്ത നിവാരണ അതോറിറ്റി പറഞ്ഞു. കേരള തീരത്ത് മൽസ്യബന്ധനത്തിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തുകയും മത്സ്യത്തൊഴിലാളികളെ പൂർണ്ണമായും തിരിച്ചു വിളിക്കുകയും ചെയ്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here