മാര്‍ക്ക് ദാന വിവാദം; കെ ടി ജലീലിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷം

എം ജി സര്‍വകലാശാല മാര്‍ക്ക് ദാന വിവാദത്തില്‍ കെ ടി ജലീലിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍. മാര്‍ക്ക്ദാന വിവാദത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സര്‍വകലാശാലയുടെ സ്വയംഭരണാധികാരത്തിലും പരീക്ഷാ നടത്തിപ്പിലും ഇടപെടുന്ന മന്ത്രിയുടെ നടപടി നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷം നോട്ടീസ് നല്‍കിയത്.
ആരോപണം തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാമെന്ന് കെ ടി ജലീല്‍ വെല്ലുവിളിച്ചു. മാര്‍ക്കുദാനം കൈയോടെ പിടിച്ചപ്പോഴാണ് അതു റദ്ദാക്കി മന്ത്രി രക്ഷപെടാന്‍ ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. മന്ത്രി കെ ടി ജലീലിനെതിരായ മാര്‍ക്ക് ദാനം ആരോപണം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് വി ഡി സതീശനാണ് അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത്.
ഭഗവാന്‍ അവതരിക്കുന്നത് പോലെയാണ് അദാലത്തില്‍ മന്ത്രി ഇടപെട്ട് മാര്‍ക്ക് ദാനം നല്‍കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. മോഡറേഷന്‍ കാര്യത്തില്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റാണ് തീരുമാനമെടുത്തതെന്നായിരുന്നു മന്ത്രിയുടെ മറുപടി. ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. ആക്ഷേപം ഉള്ളവര്‍ക്ക് കോടതിയെ സമീപിക്കാമെന്നും മന്ത്രി പറഞ്ഞു. സര്‍വകലാശാലയുടെ വിശ്വാസ്യത മന്ത്രി നഷ്ടപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here