റെക്കോർഡ് ബൗളിംഗ് പ്രകടനവുമായി ജലജ് സക്സേന; ‘ഇന്ത്യ സി’ക്ക് കൂറ്റൻ ജയം

ദേവ്ധർ ട്രോഫിയിലെ രണ്ടാം മത്സരത്തിൽ ‘ഇന്ത്യ സി’ക്ക് കൂറ്റൻ ജയം. ഇന്ത്യ എയെ 232 റണ്‍സിനാണ് ഇന്ത്യ സി തകർത്തത്. ഏഴ് വിക്കറ്റുകളുമായി ദേവ്ധർ ട്രോഫിയിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം കാഴ്ച വെച്ച കേരള രഞ്ജി താരം ജലജ് സക്സേനയാണ് ‘ഇന്ത്യ സി’ക്ക് ഗംഭീര വിജയം സമ്മാനിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ‘ഇന്ത്യ സി’ രണ്ട് സെഞ്ചുറികളുടെ കരുത്തിൽ 366 റൺസ് അടിച്ചു കൂട്ടി. ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (143), മായങ്ക് അഗർവാൾ (120) എന്നിവരാണ് സെഞ്ചുറി നേടിയത്. വെറും 29 പന്തുകളിൽ നിന്ന് 72 റൺസെടുത്ത് പുറത്താവാതെ നിന്ന സൂര്യകുമാർ യാദവിൻ്റെ ബാറ്റിംഗ് മികവു കൂടി ആയപ്പോൾ ‘ഇന്ത്യ സി’ കൂറ്റൻ സ്കോറിലെത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ എ വേഗത്തിൽ തകർന്നടിഞ്ഞു. 31 റൺസെടുത്ത ദേവദത്ത് പടിക്കലാണ് ടോപ്പ് സ്കോറർ. ഭാർഗവ് മെറായ് (30), ഇഷൻ കിഷൻ (25) തുടങ്ങിയവരും ഭേദപ്പെട്ട രീതിയിൽ ബാറ്റ് ചെയ്തു. ഇന്നിംഗ്സ് ഓപ്പൺ ചെയ്ത കേരള താരം വിഷ്ണു വിനോദ് 12 റൺസെടുത്തു പുറത്തായി. കേരളത്തിനായി ആഭ്യന്തര മത്സരങ്ങൾ കളിക്കുന്ന ജലജ് സക്സേനയുടെ ബൗളിംഗിനു മുന്നിൽ തകർന്നടിഞ്ഞ ഇന്ത്യ എ 29.5 ഓവറിൽ 134 റണ്‍സിനു പുറത്തായി. 9.5 ഓവറിൽ 41 റണ്‍സ് മാത്രം വഴങ്ങിയ സക്സേന ഏഴ് വിക്കറ്റുകളാണ് വീഴ്ത്തിയത്.
തുടർച്ചയായ രണ്ടാം മത്സരത്തിലും പരാജയപ്പെട്ട ഇന്ത്യ എ ടൂർണമെൻ്റിൽ നിന്നും പുറത്തായി. വ്യാഴാഴ്ച നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ ബിയോടും ഇന്ത്യ എ തോറ്റിരുന്നു. നാളെ ഇന്ത്യ ബി ഇന്ത്യ സിയെ നേരിടും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here