ഗ്യാനും കോറോയും കൊമ്പുകോർക്കുന്നു; ഇന്ന് ഗോവ-നോർത്ത് ഈസ്റ്റ് പോരാട്ടം

ഇന്ത്യൻ സൂപ്പർ ലീഗിലെ 13ആം മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി ഗോവയെ നേരിടുന്നു. നോർത്ത് ഈസ്റ്റിൻ്റെ ഹോം ഗ്രൗണ്ടായ ഗുവാഹത്തി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ രണ്ട് സീസണുകളിലായി ഐഎസ്എല്ലിൻ്റെ ഏറ്റവും മികച്ച സ്ട്രൈക്കർ എന്ന വിശേഷണം സ്വന്തമാക്കിയ ഗോവൻ ഫോർവേഡ് കോറോയും ഘാന ഇതിഹാസം അസമോവ ഗ്യാനും ഏറ്റുമുട്ടുന്നു എന്നതാണ് ഈ മത്സരത്തിൻ്റെ പ്രത്യേകത.
ഇരു ടീമുകൾക്കും രണ്ട് കളികൾ വീതം കഴിഞ്ഞപ്പോൾ ഓരോ ജയവും സമനിലയും വീതമാണുള്ളത്. ബെംഗളൂരുവിനെതിരായ ആദ്യ മത്സരം ഗോൾരഹിത സമനില വഴങ്ങിയ നോർത്ത് ഈസ്റ്റ് അടുത്ത കളി ഒഡീഷയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വിജയിച്ചിരുന്നു. ഗോവയാവട്ടെ, ആദ്യ കളിയിൽ ചെന്നൈയിനെ എതില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപിക്കുകയും അടുത്ത കളിയിൽ ബെംഗളൂരുവിനെതിരെ ഓരോ ഗോൾ വീതമടിച്ച് സമനില പിടിക്കുകയും ചെയ്തു.
അസമോവ ഗ്യാനെ ഒറ്റ സ്ട്രൈക്കറാക്കിയാണ് നോർത്ത് ഈസ്റ്റിൻ്റെ കളി. 4-2-3-1 എന ഫോർമേഷനിലിറങ്ങുന്ന ആതിഥേയർക്കായി മാർട്ടിൽ ചാവേസ്, നിഖിൽ കദം, റദീം തലങ് എന്നിവർ മധ്യനിരയിൽ അണിനിരക്കും. ഹോസെ ല്യൂഡോ, മിലൻ സിംഗ് എന്നിവർ ഡിഫൻസീവ് മിഡ്ഫീൽഡർമാരുടെ റോളിലാണ്. റീഗൻ സിംഗ്, കായ് ഹീറിംഗ്സ്, മിസ്ലാവ് കൊമോഹ്സ്കി, രാകേഷ് പ്രധാൻ എന്നിവർ പ്രതിരോധക്കോട്ട കാക്കും. ക്രോസ് ബാറിനു കീഴിലുള്ളത് സുഭാഷിഷ് റോയ് ആണ്.
ഗോവൻ അറ്റാക്ക് കോറോയാണ് നയിക്കുക. 4-2-3-1 എന്ന ഫോർമേഷനിൽ തന്നെയാണ് അവരും ഇറങ്ങുക. ബ്രെണ്ടൺ ഫെർണാണ്ടസ്, ഹ്യൂഗോ ബോമസ്, ജാക്കിചന്ദ് സിംഗ് എന്നിവരാണ് മധ്യനിരയിൽ കളിക്കുക. അഹ്മദ് ജഹോ, ലെന്നി റോഡ്രിഗസ് എന്നിവർ ഡിഫൻസീവ് മിഡ്ഫീൽഡർമാരാവും. മന്ദർ റാവു ദേശായി, കാർലോസ് പെന്യ, മൊർതാദ ഫാൾ, സെറിറ്റൻ ഫെർണാണ്ടസ് എന്നിവർ പ്രതിരോധ നിരയിൽ അണിനിരക്കും. മുഹമ്മദ് നവാസാണ് ഗോൾവല സംരക്ഷിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here