‘എന്റെ അച്ഛന്റെ പേര് രവി മേനോൻ എന്നാണ്, അനിൽ രാധാകൃഷ്ണൻ മേനോൻ എന്നല്ല’: രജിത് മേനോൻ

തന്റെ അച്ഛന്റെ പേര് രവി മേനോൻ എന്നാണെന്നും അനിൽ രാധാകൃഷ്ണൻ മേനോൻ എന്നല്ലെന്നും വ്യക്തമാക്കി നടൻ രജിത് മേനോൻ. വിക്കിപീഡിയയിൽ രജിത്തിന്റെ അച്ഛന്റെ പേര് അനിൽ രാധാകൃഷ്ണൻ മേനോൻ എന്ന് തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നടൻ ബിനീഷ് ബാസ്റ്റിനും സംവിധായകൻ അനിൽ രാധാകൃഷ്ണൻ മേനോനും തമ്മിലുള്ള പ്രശ്‌നത്തിന് പിന്നാലെ നിരവധി സന്ദേശങ്ങളാണ് രജിത്തിന് ലഭിച്ചത്. നിങ്ങളുടെ അച്ഛനെയോർത്ത് ലജ്ജ തോന്നുന്നു എന്നതടക്കം രജിത്തിന് സന്ദേശങ്ങൾ ലഭിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി രജിത് മേനോൻ രംഗത്തെത്തിയത്.
തന്റെ അച്ഛനെ ഓർത്ത് ലജ്ജിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് സന്ദേശങ്ങൾ അയക്കുന്നവർക്ക് വ്യക്തത നൽകാൻ വേണ്ടിയാണ് പോസ്‌റ്റെന്ന് പറഞ്ഞ് ഫേസ്ബുക്കിലാണ് രജിത്തിന്റെ വിശദീകരണം. തന്റെ അച്ഛന്റെ പേര് രവി മേനോൻ എന്നാണ്, അല്ലാതെ വിക്കിപീഡിയയോ ഗൂഗിളോ പറയുന്ന പോലെ അനിൽ രാധാകൃഷ്ണ മേനോൻ എന്നല്ലെന്നും രജിത് പറയുന്നു. അനിൽ സാറുമായി തനിക്ക് യാതൊരു ബന്ധവുമില്ല. അദ്ദേഹത്തെ ഒരു സംവിധായകനെന്ന നിലയിൽ അറിയാം. യാഥാർഥ്യം എന്തെന്ന് അറിഞ്ഞ ശേഷം മാത്രമേ കുറിപ്പുകൾ പങ്കുവയ്ക്കുകയോ, സന്ദേശങ്ങൾ അയക്കുകയോ ചെയ്യാവൂ എന്ന് അഭ്യർത്ഥിക്കുന്നതായും രജിത് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here