ന്യൂയോർക്കിൽ നിന്ന് ഫ്ളോറിഡയിലേക്ക് താമസം മാറാനൊരുങ്ങി ട്രംപ്

സ്ഥിരതാമസം ന്യൂയോർക്കിൽ നിന്ന് ഫ്ളോറിഡയിലേക്ക് മാറാനൊരുങ്ങി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. താനും കുടുംബവും ഫ്ളോറിഡയിലെ പാം ബീച്ചിലേക്ക് സ്ഥിരതാമസം മാറുകയാണെന്ന കാര്യം വ്യാഴാഴ്ചയാണ് ട്രംപ് ട്വിറ്റലൂടെ പ്രഖ്യാപിച്ചത്. ജന്മനഗരമായ ന്യൂയോർക്ക് സിറ്റിയിലെയും ന്യൂയോർക്ക് സംസ്ഥാനത്തെയും രാഷ്ട്രീയനേതാക്കൾ തന്നോട് വളരെ മോശമായി പെരുമാറുന്നതിനാലാണ് ഫ്ളോറിഡയിലേക്ക് താമസം മാറുന്നതെന്ന് ട്രംപ് വ്യക്തമാക്കി.
രാഷ്ട്രീയ നേതാക്കളിൽ നിന്നുമുണ്ടായ മോശമായ പെരുമാറ്റത്തെത്തുടർന്ന് ന്യൂയോർക്കിലെ ട്രംപ് ടവറിൽ നിന്ന് ഫ്ളോറിഡയിലേക്ക് താമസം മാറ്റുന്നതെന്ന് ഡോണാൾഡ് ട്രംപ് ട്വീറ്റിൽ പറയുന്നു. ‘ന്യൂയോർക്ക് എനിക്ക് വിലപ്പെട്ടതാണ്, ന്യൂയോർക്കിലെ ജനങ്ങളും. എന്നും അങ്ങനെ ആയിരിക്കുകയും ചെയ്യും. എന്നാൽ, ദൗർഭാഗ്യകരമെന്നു പറയട്ടെ, നഗരത്തിനും സംസ്ഥാനത്തിനും പ്രാദേശിക നികുതിക്കും വേണ്ടി ദശലക്ഷക്കണക്കിന് ഡോളർ ചെലവഴിച്ചിട്ടും ന്യൂയോർക്ക് സിറ്റിയിലെയും സംസ്ഥാനത്തെയും രാഷ്ട്രീയ നേതാക്കൾ വളരെ മോശമായാണ് പെരുമാറുന്നത്’ എന്ന് ട്രംപ് ട്വിറ്ററിലെഴുതി.
ന്യൂയോർക്ക് സ്റ്റേറ്റ് ഗവർണർ ആൻഡ്രൂ ക്യൂമോ, ന്യൂയോർക്ക് സിറ്റി മേയർ ബിൽ ഡേ ബ്ലാസിയോ എന്നിവരുമായുള്ള അഭിപ്രായവ്യത്യാസമാണ് ട്രംപിന്റെ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. എന്നാൽ, ഇക്കാര്യത്തിൽ വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഫ്ളോറിഡയിലേക്ക് താമസം മാറ്റുന്നു എന്ന ട്രംപിന്റെ തീരുമാനം സ്വാഗതാർഹമെന്ന് സ്റ്റേറ്റ് ഗവർണർ ആൻഡ്രൂ ക്യൂമോയും സിറ്റി മേയർ ബിൽ ഡേ ബ്ലാസിയോയും പ്രതികരിച്ചു. പരിഹാസം കലർന്ന രീതിയിലാണ് ട്വിറ്ററിലൂടെ ഇരുവരും വാർത്തയോട് പ്രതികരിച്ചത്. 1985 മുതൽ ട്രംപിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫ്ളോറിഡയിലെ മാർ എ ലാഗോ എസ്റ്റേറ്റ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here