മകൻ കൂടുതൽ പുരസ്കാരങ്ങൾ അർഹിക്കുന്നു; ഫുട്ബോളിലെ മാഫിയാ സംഘങ്ങള്‍ അത് തട്ടിമാറ്റുകയാണെന്ന് ക്രിസ്ത്യാനോയുടെ അമ്മ

ഗുരുതര ആരോപണവുമായി പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോയുടെ അമ്മ മരിയ അവെയ്രോ. തൻ്റെ മകൻ കൂടുതൽ പുരസ്കാരങ്ങൾ അർഹിക്കുന്നുണ്ടെന്നും ഫുട്ബോളിലെ മാഫിയാ സംഘങ്ങള്‍ അത് തട്ടിമാറ്റുകയാണെന്നുമായിരുന്നു മരിയയുടെ ആരോപണം. ക്രിസ്ത്യാനോയുടെ നാട്ടിൽ സംസാരിക്കവേ ആയിരുന്നു മരിയയുടെ ആരോപണം.
“അവിടെ ഒരു മാഫിയ ഉണ്ട്. അതെ, ആ വാക്കാണ് ശരിയായ പ്രയോഗം. അതെ അവിടെ ഒരു ഫുട്ബോൾ മാഫിയ ഉണ്ട്. സംഭവിച്ച കാര്യങ്ങളിലേക്കു നോക്കിയാൽ, ആ മാഫിയ കാരണമാണ് ഇതൊക്കെ സംഭവിച്ചതെന്ന് നിങ്ങൾക്കു മനസ്സിലാവും. റൊണാള്‍ഡോ സ്പെയിനിലോ ഇംഗ്ലണ്ടിലോ ജനിച്ചിരുന്നെങ്കില്‍ ഈ അവഗണന ഉണ്ടാകുമായിരുന്നില്ല. ജനിച്ചത് പോർച്ചുഗലിലും അതിലുപരി മദീരയിലായിപ്പോയതുമാണ് പ്രശ്നമായത്.”- മരിയ പറഞ്ഞു.
പക്ഷേ, ഇങ്ങനെയൊക്കെയാണെങ്കിലും ഇക്കൊല്ലത്തെ ബാലൺ ഡി ഓർ ക്രിസ്ത്യാനോക്ക് തന്നെ ലഭിക്കുമെന്ന് അമ്മ പ്രത്യാശ പ്രകടിപ്പിച്ചു. “അവൻ ബാലൻ ഡി ഓർ നേടുമോ എന്നറിയില്ല. പക്ഷേ, ആത്മവിശ്വാസമുണ്ട്. കഴിഞ്ഞ സീസണിൽ അവൻ ചെയ്തതൊക്കെ നോക്കിയാൽ, അവനത് അർഹിക്കുന്നുണ്ട്”- അവർ പറഞ്ഞു.
ഡിസംബർ 2ന് ഫ്രാൻസിൽ വെച്ചാണ് ബാലൻ ഡി ഓർ പുരസ്കാരം പ്രഖ്യാപിക്കുക. ലൂക്ക മോഡ്രിച്ചാണ് കഴിഞ്ഞ വർഷം പുരസ്കാരത്തിന് അർഹനായത്. ക്രിസ്ത്യാനോ റൊണാൾഡോക്കും ലയണൽ മെസിക്കും അഞ്ച് ബാലൻ ഡി ഓർ പുരസ്കാരങ്ങൾ വീതമുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here