തിസ് ഹാസാരിയിലെ പൊലീസ് നടപടി ഏകപക്ഷീയം; ഡൽഹിയിലെ അഭിഭാഷകർ നാളെ കോടതി ബഹിഷ്‌കരിക്കും

ഡൽഹി തിസ് ഹസാരി കോടതിയിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് നാളെ ഡൽഹിയിൽ അഭിഭാഷകർ കോടതി ബഹിഷ്‌കരിക്കും. പൊലീസ് നടപടി ഏക പക്ഷീയമെന്ന് ആരോപിച്ചാണ് ബഹിഷ്‌ക്കരണം. ഇന്നലെ കോടതി വളപ്പിൽ ഉണ്ടായ വെടിവെപ്പിൽ അഭിഭാഷകന് പരുക്കേറ്റിരുന്നു.
ഇന്നലെ ഉച്ചയ്ക്കാണ് ഡൽഹി തിസ് ഹസാരി കോടതിയിൽ അഭിഭാഷകരും പൊലീസും തമ്മിൽ ഏറ്റുമുട്ടിയത്. പാർക്കിംഗ് സംബന്ധിച്ച തർക്കമാണ് സംഘർഷത്തിൽ എത്തിയത്. അഭിഭാഷകർ 3 മൂന്ന് പൊലീസ് വാഹനം തകർക്കുകയും ഒരെണ്ണം കത്തിക്കുകയും ചെയ്തു. ഇതിനിടയിൽ പൊലീസ് നടത്തിയ വെടിവെയ്പ്പിലാണ് അഭിഭാഷകന് പരുക്കേറ്റത്.
ഇതിൽ പ്രതിഷേധിച്ചാണ് നാളെ ഡൽഹിയിലെ അഭിഭാഷകർ കോടതി ബഹിഷ്‌കരിക്കുക. പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. കുറ്റക്കാരായ പൊലീസുകാർക്കതിരെ കർശന നടപടി എടുക്കണമെന്നാണ് അഭിഭാഷകരുടെ ആവശ്യം. അതേസമയം, ബാർ അസോസിയേഷൻ തെരെഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ചിലർ കരുതിക്കൂട്ടി അക്രമം ഉണ്ടാക്കുകയായിരുന്നുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here