തിസ് ഹസാരി കോടതി സംഘർഷം; ജുഡീഷ്യൽ അന്വേഷണത്തിന് ഹൈക്കോടതിയുടെ ഉത്തരവ്

തിസ് ഹസാരി കോടതി സംഘർഷത്തിൽ ഡൽഹി ഹൈക്കോടതി ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടു. റിട്ടയേർഡ് ജസ്റ്റിസ് എസ്പി ഗാർഗിനെ ജുഡീഷ്യൽ കമ്മിഷനായി നിയമിച്ചു. ഡൽഹി പോലീസിലെ രണ്ട് എഎസ്ഐമാരെ സസ്പെൻഡ് ചെയ്യാനും രണ്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനും നിർദേശം നൽകി. പരുക്കേറ്റ അഭിഭാഷകർക്ക് ഇടക്കാല നഷ്ടപരിഹാരവും അനുവദിച്ചു.
ഞായറാഴ്ച ആയിട്ടും സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഡൽഹി ഹൈക്കോടതി അസാധാരണ സിറ്റിങ് നടത്തുകയായിരുന്നു. സംഘർഷവുമായി ബന്ധപ്പെട്ട് നാല് കേസുകൾ റജിസ്റ്റർ ചെയ്തതായി ഡൽഹി പൊലീസ് അറിയിച്ചു. പൊലീസിന്റേത് അടക്കം വാഹനങ്ങൾ അഗ്നിക്കിരയായി. സംഘർഷത്തിൽ ഉൾപ്പെട്ട പൊലീസുകാരുടെ പേരുകളും ഡൽഹി പൊലീസ് കൈമാറി. കർശനമായ നടപടി വേണമെന്ന് വിവിധ ബാർ അസോസിയേഷനുകൾ ആവശ്യപ്പെട്ടു. ഇതോടെ, ചീഫ് ജസ്റ്റിസ് ഡി.എൻ. പട്ടേൽ, ജസ്റ്റിസ് ഹരിശങ്കർ എന്നിവർ ഉൾപ്പെട്ട ബെഞ്ച് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.
ആറ് ആഴ്ചയ്ക്കകം അന്വേഷണം പൂർത്തിയാക്കണം. ഡൽഹി പൊലീസും വകുപ്പുതല അന്വേഷണം ആറ് ആഴ്ചയ്ക്കകം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണം. ഗുരുതരമായി പരുക്കേറ്റവർക്ക് വിദഗ്ധ ചികിൽസ ലഭ്യമാക്കണം. നെഞ്ചിന് വെടിയേറ്റ അഭിഭാഷകന് അൻപതിനായിരം രൂപ ഡൽഹി സർക്കാർ നൽകണമെന്നും ഉത്തരവിട്ടു. പാർക്കിങ്ങിനെ ചൊല്ലി ഇന്നലെ വൈകിട്ടാണ് തിസ് ഹസാരി കോടതി വളപ്പിൽ അഭിഭാഷകരും പോലീസും ഏറ്റുമുട്ടിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here