ഇനി ഫൈനൽ ഇലവനല്ല; ഫൈനൽ ഫിഫ്റ്റീൻ; കൂടെ സർപ്രൈസ് സബ്സ്റ്റിറ്റ്യൂട്ട്: ഐപിഎല്ലിൽ വിപ്ലവ മാറ്റത്തിനൊരുങ്ങി ബിസിസിഐ

ഇന്ത്യൻ പ്രീമിയർ ലീഗിൽ വിപ്ലവ മാറ്റങ്ങൾക്കൊരുങ്ങി ബിസിസിഐ. പതിനഞ്ച് പേരടങ്ങുന്ന ടീമിനെ പ്രഖ്യാപിച്ച് സർപ്രൈസ് ഇലവനെ ഫീൽഡിറക്കാനും ഇലവനിൽ പെടാത്ത ഒരു കളിക്കാരനെ കളിയുടെ ഇടക്കു വെച്ച് ബാറ്റിംഗിലോ ബൗളിംഗിലോ പരീക്ഷിക്കാനും ടീമുകൾക്ക് അനുവാദം നൽകാനാണ് ബിസിസിഐ ഒരുങ്ങുന്നത്. ‘പവർ പ്ലയർ’ എന്നാണ് ഈ സബ്സ്റ്റിറ്റ്യൂട്ടിൻ്റെ പേര്.
തീരുമാനം അന്തിമരൂപത്തിലായെങ്കിലും ഐപിഎൽ ഗവേണിംഗ് കമ്മറ്റി കൂടി അംഗീകരിച്ചാലേ ഇത് പ്രാബല്യത്തിൽ വരൂ. വരുന്ന മുഷ്താഖ് അലി ട്രോഫി ടൂർണമെൻ്റിൽ പുതിയ മാറ്റങ്ങൾ പരീക്ഷിക്കുമെന്ന് ബിസിസിഐ അറിയിച്ചിട്ടുണ്ട്. നാളെയാണ് (5/11) ഐപിഎൽ ഗവേണിംഗ് കമ്മറ്റിയുടെ മീറ്റിംഗ്.
“ടീമുകൾ പ്ലേയിംഗ് ഇലവനെ പ്രഖ്യാപിക്കില്ല. 15 അംഗ ടീം അനൗൺസ് ചെയ്തിട്ട് ഒരു കളിക്കാരനെ വിക്കറ്റ് വീഴുമ്പോഴോ ഓവറിൻ്റെ അവസാനത്തിലോ കളത്തിലിറക്കാം. ഐപിഎല്ലിൽ ഇത് അവതരിപ്പിക്കാനാണ് പ്ലാൻ. വരുന്ന മുഷ്താഖ് അലി ട്രോഫിയിൽ ഇത് പരീക്ഷിക്കാൻ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്.”- ബിസിസിഐ അറിയിച്ചു.
“അവസാനത്തെ ഓവറിൽ ജയിക്കാൻ 20 റൺസ് വേണമെന്നിരിക്കട്ടെ. നൂറു ശതമാനം ഫിറ്റല്ലാത്ത, അന്തിമ ഇലവനിൽ ഇല്ലാത്ത ആന്ദ്രേ റസൽ ഡഗ് ഔട്ടിലിരിക്കുകയാണ്. പക്ഷേ, പുതിയ നീക്കം വഴി ആ ഓവറിൽ അദ്ദേഹത്തിന് ബാറ്റിംഗിനിറങ്ങുകയും ടീമിനെ ജയിപ്പിക്കുകയും ചെയ്യാം. ഇനി അവസാന ഓവറിൽ ആറു റൺസ് പ്രതിരോധിക്കണമെന്നിരിക്കട്ടെ. ജസ്പ്രീത് ബുംറ ഡഗൗട്ടിലിരിക്കുന്നു. അദ്ദേഹത്തിന് അവസാന ഓവർ എറിയാനാവും.”- ബിസിസിഐ അധികൃതരിലൊരാൾ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here