വായുമലിനീകരണം; ഡൽഹിയിൽ വാഹന നിയന്ത്രണം നിലവിൽ വന്നു

ഡൽഹിയിൽ മലിനീകരണം കുറക്കുന്നതിന് വാഹനങ്ങളെ നിയന്ത്രിക്കുന്ന ഒറ്റ ഇരട്ട നമ്പർ പദ്ധതി നിലവിൽ വന്നു. ദിവസവും രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെയാണ് നിയമം നടപ്പിലാക്കുന്നത്. ഡൽഹിയക്ക് പുറമെ ഉത്തർപ്രദേശിലേയും രാജസ്ഥാനിലേയും ചില നഗരങ്ങളിൽ വായു ഗുണനിലവാരം അപകടകരമായ അവസ്ഥയിലെത്തി.
വായു മലിനീകരണം രൂക്ഷമായ പശ്ചാത്തലത്തിൽ കാർബൺ പുറംന്തള്ളൽ കുറക്കുന്നത് ലക്ഷ്യമിട്ടാണ് സംസ്ഥാന സർക്കാർ ഗതാഗത നിയന്ത്രണം നടപ്പിലാക്കുന്നത്. നിയന്ത്രണത്തിന്റെ ആദ്യദിനമായ ഇന്ന് സ്വകാര്യ വാഹനങ്ങളിൽ ഇരട്ട അക്കത്തിൽ നമ്പർ അവസാനിക്കുന്നവ മാത്രമാണ് കടത്തിവിടുന്നത്. നാളെ ഒറ്റ നമ്പറിൽ അവസാനിക്കുന്നവ കടത്തി വിടും. ഇരുചക്ര വാഹനങ്ങൾക്കും, അത്യാഹിത വാഹനങ്ങൾക്കും ഇളവുണ്ട്. അതേസമയം നിയമം ലംഘിച്ചവർക്ക് പിഴ ചുമത്തി.
മുൻ വർഷങ്ങളിലും മലിനീകരണം നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ ഒറ്റ ഇരട്ട പദ്ധതി നടപ്പിലാക്കിയിരുന്നു. മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ ഇരട്ട അക്കത്തിൽ അവസാനിക്കുന്ന വാഹനത്തിലാണ് ഓഫീസിൽ എത്തിയത്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയുടെ യാത്ര സൈക്കിളിലായിരുന്നു.
300 സംഘങ്ങളെയാണ് മലിനീകരണം കുറക്കാനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചത്. ഉത്തർപ്രദേശിലെ കൺപൂരിലും, ലക്‌നൗവിലും അന്തരീക്ഷ മലിനീകരണം അപകടകരമായ അവസ്ഥയിലെത്തി. വായു മലിനീകരണം രാജസ്ഥാനിലേക്ക് നീങ്ങുകയാണെന്നും കേന്ദ്ര സർക്കാർ കർശന നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി അശോക് ഖേലോട്ട് പറഞ്ഞു. ഡൽഹിയിൽ വായു മലിനീകരണം കുറക്കാൻ നടപ്പിലാക്കിയ നടപടികൾ കേന്ദ്ര സർക്കാർ നിരന്തരം വിലയിരുത്തുന്നുണ്ട്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here