ആക്രമിച്ച അഭിഭാഷകർക്കെതിരെ നടപടിയെടുക്കണം; ഡൽഹിയിൽ പൊലീസുകാരുടെ അസാധാരണ പ്രതിഷേധം

ആക്രമിച്ച അഭിഭാഷകർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ പൊലീസുകാരുടെ അസാധാരണ പ്രതിഷേധം. തുടർച്ചയായ അഭിഭാഷകരുടെ പ്രകോപനങ്ങളിൽ നീതി ആവശ്യപ്പെട്ടാണ് അഞ്ഞൂറിലധികം പോലീസുകാർ യൂണിഫോമിൽ പ്രതിഷേധിക്കുന്നത്. കോടതി വളപ്പിൽ പൊലീസുകാരെ ആക്രമിച്ച അഭിഭാഷകർക്കെതിരെ നടപടിയെടുക്കണമെന്നാണ് തെരുവിൽ ഇറങ്ങിയ പൊലീസുകാരുടെ ആവശ്യം.
ആദ്യം നൂറോളം പൊലീസുകാരാണ് പ്രതിഷേധവുമായി ഡൽഹിയിലെ പൊലീസ് ആസ്ഥാനത്ത് തടിച്ച് കൂടിയത്. പതിനൊന്നരയോടെ പ്രതിഷേധത്തിൽ പങ്കെടുക്കുന്ന പൊലീസുകാരുടെ എണ്ണം അഞ്ഞൂറ് കവിഞ്ഞു. തീസ് ഹസാരി കോടതിയിൽ അഭിഭാഷകരുടെ മർദ്ദനത്തിൽ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥർക്ക് നീതി ഉറപ്പാക്കണമെന്നും സാകേത് കോടതിയിൽ പൊലീസുകാരനെ കയ്യേറ്റം ചെയ്തവരെ അറസ്റ്റ് ചെയ്യണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ഡൽഹി പൊലീസ് കമ്മിഷണർ അമൂൽ പട്ട് നായിക് അനുനയനീക്കവുമായി പ്രതിഷേധക്കാരോട് സംസാരിക്കുകയും ജോലികളിലേക്ക് മടങ്ങണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. എന്നാൽ രേഖാമൂലം ഉറപ്പ് നൽകാതെ പിന്മാറില്ലെന്ന് പ്രതിഷേധക്കാരും നിലപാടെടുത്തു.
കൃത്യ നിർവഹണത്തിനിടയിൽ അക്രമത്തിനിരയാകുന്നത് ഇനി സഹിക്കേണ്ടതില്ല എന്നായിരുന്നു പൊലീസുകാരുടെ നിലപാട്. യൂണിഫോമിനൊപ്പം കറുത്ത റിബണുകളും പ്ലക്കാർഡുകളും പിടിച്ചായിരുന്നു പൊലീസ് പ്രതിഷേധം.
സമരം സംബന്ധിച്ച വിവരങ്ങൾ പൊലീസ് മേധാവി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു.അതേസമയം പ്രതിഷേധം ഉണ്ടാകുമ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എവിടെയെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർ സുർജെവാല ചോദിച്ചു. പൊലീസുകാർക്കെതിരെയുള്ള പ്രകോപിക്കുന്നതിൽ നിന്ന് അഭിഭാഷകർ പിന്മാറണമെന്ന് ബാർ കൗൺസിൽ അഭ്യർത്ഥിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here