Advertisement

അയോധ്യ കേസിലെ വിധി; ബിജെപി പ്രവര്‍ത്തകര്‍ക്ക് പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തി നേതൃത്വം

November 6, 2019
0 minutes Read

അയോധ്യ തര്‍ക്കഭൂമി കേസില്‍ വിധിവരാനിരിക്കെ മുന്‍കരുതല്‍ നടപടികളുമായി കേന്ദ്രനേതൃത്വം. രാജ്യത്തെ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേതൃത്വം പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തി. അയോധ്യാ കേസിലെ വിധി എന്തായാലും അത് ആഘോഷിച്ചോ, പ്രതിഷേധിച്ചോ ബിജെപി പ്രവര്‍ത്തകര്‍ നിരത്തിലിറങ്ങിയാല്‍ അത് സംഘര്‍ഷമായി വളരുമെന്നാണ് നേതൃത്വത്തിന്റെ ആശങ്ക.

ഈ സാഹചര്യത്തിലാണ് പ്രവര്‍ത്തകര്‍ക്ക് വിധിയുടെ പശ്ചാത്തലത്തില്‍ പ്രത്യേക പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തുന്നത്. ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെ പി നഡ്ഡയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ സെക്രട്ടറിമാരുടെ യോഗം പെരുമാറ്റച്ചട്ടം തയാറാക്കി. പ്രകോപനപരമായ പ്രസ്ഥാവനകള്‍ സമ്പൂര്‍ണമായി വിലക്കുന്നതാണ് നിര്‍ദേശം. വിധി എന്തായാലും അഭിപ്രായ പ്രകടനങ്ങള്‍ പാടില്ലെന്ന് പെരുമാറ്റച്ചട്ടത്തില്‍ നിര്‍ദേശിക്കുന്നു.

വിധിക്ക്‌ശേഷം കേന്ദ്രസര്‍ക്കാര്‍ നിലപാട് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി നിലപാട് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും വ്യക്തമാക്കും. അതിനു മുമ്പ് ആരും പ്രതികരിക്കരുത്. ഏതെങ്കിലും വിധത്തില്‍ പെരുമാറ്റച്ചട്ടം ലംഘിച്ചാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികളാണ് നേരിടേണ്ടിവരികയെന്നും പെരുമാറ്റച്ചട്ടം മുന്നറിയിപ്പ് നല്‍കുന്നു.

തയാറാക്കിയ പെരുമാറ്റച്ചട്ടം എല്ലാ സംസ്ഥാന ഘടകങ്ങള്‍ക്കും പോഷക സംഘടനകള്‍ക്കും കൈമാറി. പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കുന്നതിന് ക്രമീകരണം ഉണ്ടാക്കുന്നതിന് പാര്‍ട്ടി മേഖലാ യോഗങ്ങളും വിളിച്ചു. ബംഗളൂരു, കൊല്‍ക്കത്ത, മുംബൈ എന്നിങ്ങനെ മേഖലകള്‍ തിരിച്ച് ഇന്നും നാളെയുമാണ് യോഗം നടക്കുക. അതേസമയം അയോധ്യാ വിധിയുടെ പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രാലയം നാല്‍പത് കമ്പനി കേന്ദ്രസേനയെ ഉത്തര്‍പ്രദേശില്‍ വിന്യസിച്ചു. പത്ത് കമ്പനി ദ്രുതകര്‍മ സേനയേയും വിന്യസിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top