കേരളാ രാജ്യാന്തര ചലച്ചിത്രമേള: ഡെലിഗേറ്റ് രജിസ്ട്രേഷൻ നാളെ മുതൽ

ഇരുപത്തിനാലാമത് കേരളാ രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള ഡെലിഗേറ്റ് രജിസ്ട്രേഷൻ നാളെ മുതൽ. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് 1000 രൂപയാണ് പൊതുവിഭാഗത്തിൽ ഡെലിഗേറ്റ് ഫീസ്.
ഡെലിഗേറ്റ് ഫീസ് നവംബർ 25ന് ശേഷം രജിസ്റ്റർ ചെയ്യുന്നവർക്ക് 1500 രൂപയായിരിക്കും. വിദ്യാർത്ഥികൾക്ക് ഇത് യഥാക്രമം 500ഉം 750ഉം ആണ്.
ഓഫ്ലൈൻ രജിസ്‌ട്രേഷൻ നാളെ മുതലാണ്. ചലച്ചിത്ര അക്കാദമിയുടെ കണ്ണൂർ, കോഴിക്കോട്, തൃശൂർ, കോട്ടയം എന്നീവിടങ്ങളിലെ മേഖലാ കേന്ദ്രങ്ങളിലും തിരുവനന്തപുരത്ത് ടാഗോർ തിയേറ്ററിലും ഓഫ്‌ലൈൻ രജിസ്‌ട്രേഷന് സൗകര്യമുണ്ടാകും. മുതിർന്ന പൗരന്മാർക്ക് ഓഫ്‌ലൈൻ രജിസ്‌ട്രേഷനിൽ മുൻഗണന ഉണ്ടായിരിക്കുമെന്നും അധികൃതർ.
ഓൺലൈൻ രജിസ്‌ട്രേഷൻ നവംബർ പത്തിന് തുടങ്ങും. ആദ്യത്തെ രണ്ട് ദിവസം രജിസ്‌ട്രേഷൻ സൗകര്യം വിദ്യാർഥികൾക്ക് മാത്രമായിരിക്കും.
12 മുതൽ പൊതു വിഭാഗത്തിനായുള്ള രജിസ്‌ട്രേഷൻ തുടങ്ങുന്നതാണ്.
ആകെ 10,000 പാസുകളാണ് വിതരണം ചെയ്യുക. 1500 പേർക്ക് വിവിധ മേഖലാ കേന്ദ്രങ്ങൾ വഴി ഓഫ്‌ലൈനായി ഡെലിഗേറ്റ് രജിസ്‌ട്രേഷൻ നടത്താൻ പറ്റും. നാല് മേഖലാ കേന്ദ്രങ്ങൾക്ക് 250 വീതവും തിരുവനന്തപുരത്ത് 500 പേർക്കും ഓഫ്ലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. ബാക്കിയുള്ള 8500 പ്രതിനിധികൾക്ക് ഓൺലൈൻ ആയിട്ടും പാസ് അനുവദിക്കും.
ഡിസംബർ ആറ് മുതൽ 13 വരെയാണ് മേള. ഡിസംബർ ആറിന് വൈകുന്നേരം ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മേള മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
നടി ശാരദയാണ് ചടങ്ങിലെ മുഖ്യാതിഥി. അർജന്റീനിയൻ സംവിധായകൻ ഫെർണാണ്ടോ സൊളാനസിന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് സമ്മാനിക്കും. സൊളാനസിന്റെ അഞ്ച് ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും.
ഇന്ത്യൻ പരീക്ഷണ സിനിമകളുടെ പാക്കേജ്, വിഘടനാനന്തര യുഗോസ്ലാവിയൻ സിനിമകളുടെ പാക്കേജ്, മൃണാൾ സെൻ, ഗിരീഷ് കർണാട്, ലെനിൻ രാജേന്ദ്രൻ, എംജെ രാധാകൃഷ്ണൻ എന്നിവർക്ക് സ്മരണാഞ്ജലിയുമായി ഹോമേജ് വിഭാഗം എന്നിവയാണ് മേളയിലെ മറ്റ് ആകർഷണങ്ങൾ.
വിവിധ വിഭാഗങ്ങളിലായി 180 ഓളം ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. 14 തിയേറ്ററുകളിലായാണ് പ്രദർശനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here