Advertisement

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നടുവൊടിച്ച നോട്ട് നിരോധനത്തിന് മൂന്ന് വയസ്സ്

November 7, 2019
1 minute Read

മൂന്ന് വർഷങ്ങൾക്ക് മുമ്പ് ഒരു നവംബർ 7ന് രാത്രിയിലാണ് രാജ്യത്തെ നടുക്കിയ പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടത് …ആയിരത്തിന്റെയും അഞ്ഞൂറിന്റെ നോട്ടുകൾ അർധരാത്രി മുതൽ അസാധുവാകുമെന്ന ആ പ്രഖ്യാപനം കോടികളുടെ കോട്ട കെട്ടിപ്പടുത്ത കള്ളപ്പണക്കാർക്ക് ഇരുട്ടടിയാകുമെന്ന് കേന്ദ്രസർക്കാർ കരുതി. എന്നാൽ പലനാളുകളായി അഞ്ചും പത്തും കൂട്ടിവച്ച് സാധാരണക്കാരനുണ്ടാക്കിയ കൊച്ചുകുടിലുകളും ഇതിൽ തകരുമെന്ന് അവർ ചിന്തിച്ചിരുന്നോ ? ഒറ്റ രാത്രികൊണ്ട് പ്രതിസന്ധിയിലായത് ലക്ഷങ്ങളാണ്…പിറ്റേന്ന് രാജ്യം സാക്ഷ്യം വഹിക്കുന്നത് വീടും ജോലിയുമെല്ലാം മറന്ന് എടിഎമ്മുകൾക്കും ബാങ്കുകൾക്കും മുമ്പിൽ ക്യൂ നിൽക്കുന്ന ജനത്തെയാണ് ….മണിക്കൂറുകൾ ക്യൂ നിന്ന് ക്ഷീണിച്ച് ഈ ക്യൂവിൽ തന്നെ കുഴഞ്ഞു വീണ് മരിച്ചവരുണ്ട് … രാജ്യത്തെ ഞെട്ടിച്ച, നമ്മിൽ പലരുടേയും തലവര തന്നെ മാറ്റിയെഴുതിയ, നോട്ട് നിരോധനത്തിന്  മൂന്ന് വയസ്സ്….

കള്ളപ്പണത്തിനും കള്ള നോട്ടിനുമെതിരായ യുദ്ധമെന്ന നിലയിലായിരുന്നു പ്രഖ്യാപനം. ഭീകര വാദികൾക്കുള്ള സാമ്പത്തിക സ്രോതസ്സ് അടയ്ക്കാനാണെന്നുകൂടി മോദി വിശദീകരിച്ചു. എന്നാൽ ഇന്ത്യൻ ചരിത്രം കണ്ടതിൽവച്ച് ഏറ്റവും മോശം തീരുമാനങ്ങളിലൊന്നായിരുന്നു നോട്ട് നിരോധനം എന്നാണ് കാലം തെളിയിച്ചത്. ‘തുഗ്ലക്കിന്റെ പരിഷ്‌കാരം’ എന്നുവരെ വിശേഷിപ്പിക്കപ്പെട്ട ഈ നീക്കം രാജ്യത്തിനേൽപ്പിച്ച ആഘാതത്തിൽ നിന്ന് ഇന്ത്യ ഇന്നും കരകയറിയിട്ടില്ല. പെട്ടെന്നുണ്ടായ പ്രഖ്യാപനംമൂലം ഇന്ത്യയിലെ സപ്ലൈ ചെയ്‌നുകളും വ്യാപാര മേഖലയും സ്തംഭനാവസ്ഥയിലായി.

ഡീമോണിറ്റൈസേഷൻ (നോട്ട് നിരോധനം) നടപ്പാക്കാൻ കാട്ടിയ ആർജവം ‘റീമോണിറ്റൈസേഷനിൽ’ സർക്കാർ കാണിച്ചില്ല. നോട്ട് നിരോധനം പ്രാബല്യത്തിൽ വന്ന് ആറ് മാസത്തിന് ശേഷമാണ് റിസർവ് ബാങ്ക് റീമോണിറ്റൈസേഷൻ നടപടികളിലേക്ക് കടന്നത്. അതിന് ശേഷമാണ് പൊതുജനങ്ങളുടെ കൈയ്യിൽ പണം വന്ന് തുടങ്ങുന്നതും ക്യാഷ് ഫ്‌ളോ സാധാരണഗതിയിലേക്കാകുന്നതും. അപ്പോഴേക്കും സ്ഥിതിഗതികൾ കൈവിട്ടുപോയിരുന്നു.

നോട്ട് നിരോധനം കൊണ്ട് സർക്കാർ പ്രതീക്ഷിച്ച ഉപകാരമുണ്ടായോ ?

ഇല്ല എന്നതാണ് ഉത്തരം. നിരോധിച്ച നോട്ടുകൾ ബാങ്കിൽ നൽകി പകരം പുതിയ നോട്ടുകൾ ലഭിക്കുമായിരുന്നു. നിശ്ചിത പരിധിയിൽ കൂടുതൽ പണം മാറ്റി നൽകാനാവാത്തതിനാൽ രാജ്യത്തെ കള്ളപ്പണം ഒരു പരിധിവരെ കുറയ്ക്കാനാകുമെന്നാണ് സർക്കാർ കരുതിയിരുന്നത്. എന്നാൽ വലിയ തുകയുള്ളവരെല്ലാം പണത്തെ ചെറിയ തുകകളായി വിഭജിച്ച് ബിനാമികളുടെയും കുടുംബത്തിന്റെയും പേരിൽ മാറ്റി വാങ്ങി. അതുകൊണ്ട് തന്നെ നിരോധിച്ച നോട്ടുകളിൽ 99 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തി. കണക്കനുസരിച്ച് ആകെ തിരിച്ചെത്താത്ത നോട്ടുകൾ 10,720 കോടി രൂപയുടെ മാത്രം മൂല്യമുള്ളതാണ്.

3 മുതൽ 4 ലക്ഷം കോടി കള്ളപ്പണം പിടിച്ചെടുക്കാനാകുമെന്നാണ് സർക്കാർ കരുതിയിരുന്നത്. എന്നാൽ ആ പ്രതീക്ഷ അസ്ഥാനത്തായി എന്നുമാത്രമല്ല, ചരിത്രത്തിലെ ഏറ്റവും മണ്ടൻ തീരുമാനമെടുത്ത സർക്കാർ എന്ന ദുഷ്‌പേരും ഈ നീക്കത്തോടെ മോദി ഗവൺമെന്റിന് ലഭിച്ചു.

കള്ളപ്പണം കറൻസിയുടെ രൂപത്തിൽ മാത്രമല്ല, മറിച്ച് റിയൽ എസ്റ്റേറ്റ്, സ്വർണം എന്നിങ്ങനെയുള്ള സ്വത്തുക്കളുടെ രൂപത്തിലുമാകാമെന്ന വസ്തുത ധനമന്ത്രാലയം മറന്നു. അതുകൊണ്ട് നോട്ട് നിരോധനം തുടങ്ങി ആദ്യ ദിനം തന്നെ നടപടി പാളുന്നതിന്റെ എല്ലാ സൂചനകളും പുറത്തുവന്നു. കള്ളപ്പണം തടയാൻ നോട്ട് നിരോധനത്തിനാകുമെന്ന സർക്കാർ തീരുമാനത്തോട് ആർബിഐ ഡയറക്ടർമാർ പോലും യോജിച്ചിരുന്നില്ല.

നോട്ട് നിരോധനം സമ്പദ് വ്യവസ്ഥയെ എങ്ങനെ ബാധിച്ചു ?

അത്ര സുഖകരമായി പോകുന്ന അവസ്ഥയിലായിരുന്നില്ല ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ആ കാലഘട്ടത്തിൽ. നോട്ട് നിരോധനത്തോടെ പ്രശ്‌നങ്ങൾ കൂടുതൽ വഷളായി. 2 ശതമാനത്തിലധികം പോയിന്റുകൾക്ക് ജിഡിപി താഴ്ന്നു. തൊഴിലാളികൾക്ക് പണം നൽകാനില്ലാതായതോടെ പല ചെറുകിട കടയുടമകളും പിരിച്ചുവിടൽ നടപടികളിലേക്ക് കടന്നു. തൊഴിലില്ലായ്മ വർധിച്ചു. ഒപ്പം ചെറുകിട സംരംഭങ്ങളും പൂട്ടിപ്പോയി.

നോട്ട് നിരോധനം കൊണ്ട് രാജ്യത്തിന്റെ ജിഡിപിയിൽ രണ്ടു ശതമാനത്തിന്റെ കുറവുണ്ടാകുമെന്ന് പ്രവചിച്ച മൻമോഹൻ സിങ് നടപടി കൊടുകാര്യസ്ഥതയുടെ ചരിത്രസ്മാരകമാണെന്നും കുറ്റപ്പെടുത്തി. ഡോ. മൻമോഹൻ സിങിന്റെ വാക്കുകൾ കാലം ശരിവെച്ചു.

നോട്ട് നിരോധനം നടപ്പാക്കിയ 2016 17 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ തന്നെ ഇന്ത്യൻ സമ്പദ്ഘടനയുടെ വളർച്ചയിൽ രണ്ട് ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. നിരോധിക്കപ്പെട്ട നോട്ടുകളിൽ 99.3 ശതമാനവും തിരിച്ചെത്തി. പകരം പുറത്തിറക്കിയ 2000 ന്റെ കള്ളനോട്ട് വ്യാപകമായതിനെത്തുടർന്ന് പുതിയ അച്ചടി നിർത്തിവെച്ചിരിക്കുകയാണ് ആർ ബി ഐ. തൊഴിലില്ലായ്മ 45 വർഷത്തെ ഏറ്റവും മോശമായ അവസ്ഥയിലാണെന്ന് ദേശീയ സാംപിൾ സർവേ റിപ്പോർട്ടും പറയുന്നു. അതേസമയം ആദായ നികുതിയുടെ ലഭ്യതയിലുണ്ടായ വർധനവും, ഡിജിറ്റൽ പണമിടപാടുകളുടെ പ്രസക്തിയും ചൂണ്ടിക്കാട്ടിയാണ് നോട്ട് നിരോധനത്തെ സർക്കാർ പ്രതിരോധിക്കുന്നത്.

ചുരുക്കത്തിൽ സർക്കാർ ലക്ഷ്യമിട്ട ‘കള്ളപ്പണം പിടിച്ചെടുക്കൽ’ നടന്നില്ലെന്ന് മാത്രമല്ല നോട്ട് നിരോധനം ഇന്ത്യയെ തകർക്കുകയും ചെയ്തു. പാളിപ്പോയ നടപടി മാത്രമായി നോട്ട് നിരോധനത്തെ കാണാനാകില്ല. വേണ്ട മുൻകരുതലുകളോ, പഠനങ്ങളോ ഗവേഷണങ്ങളോ ഇല്ലാതെ നടപ്പിലാക്കിയ ഈ നടപടിയിൽ ജനങ്ങൾക്ക് സംഭവിച്ച നഷ്ടം കനത്തതാണ്. പൊതുജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടവർ തന്നെ മണ്ടൻ തീരുമാനങ്ങളിലൂടെ അവ കവർന്നെടുത്താലോ ?

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top