Advertisement

വെബ് സീരീസ് അഡിക്ടാണോ? എന്നാൽ ഇതൊന്നും മിസ്സ് ആക്കല്ലേ…

November 9, 2019
0 minutes Read

ഒരു സിനിമ കാണാൻ പോകാൻ ഇപ്പോ എന്താ ചെലവ് അല്ലേ…? ടിക്കറ്റ്, യാത്ര, അലച്ചിൽ, സ്നാക്സ് അങ്ങനെ ഒരു സിനിമ ഒറ്റയ്ക്ക് കാണാൻ ഇറങ്ങിയാൽ തന്നെ കുറഞ്ഞത് 500 രൂപയെങ്കിലും ചെലവാകും. ഈ ചെലവുകളെന്നുമില്ലാതെ ഏതു സമയത്തും എവിടെ ഇരുന്നും വ്യത്യസ്തമായ, സിനിമയേക്കാൾ ഒരളവിൽ മികച്ചുനിൽക്കുന്ന ദൃശ്യവിരുന്ന് കാണാൻ അവസരം ലഭിച്ചാലോ…?

അതേ… വെബ് സീരീസുകളെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. സിനിമകൾക്ക് അപ്പുറത്ത് വിനോദവും വിജ്ഞാനവും ഉറപ്പുതരുന്ന വെബ് സീരീസുകളുടെ കാലമാണിത്. കഥാഗതിയിലും അവതരണത്തിലും വ്യത്യസ്തമായ ശൈലി പിന്തുടരുന്ന വെബ് സീരീസുകൾക്ക് ആസ്വാദകർ ഏറെയാണ്. ഇത് മുന്നിൽക്കണ്ട് നിരവധി വെബ് സീരീസുകളാണ് ഇപ്പോൾ പുറത്തിറങ്ങുന്നത്.

നെറ്റ് ഫ്ളിക്സ്, ആമസോൺ പ്രൈം, ഹോട്ട് സ്റ്റാർ തുടങ്ങിയ ഇന്റർനെറ്റ് സ്ട്രീമിംഗ് ഭീമന്മാർ രംഗത്തെത്തിയതോട് കൂടി ടെലിവിഷൻ വെബ് സീരീസുകളിലേക്കുള്ള പ്രേക്ഷകരുടെ ഒഴുക്ക് വർധിച്ചിരിക്കുകയാണ്. ദിനംപ്രതിയെന്ന പോലെ വ്യത്യസ്ത രീതിയിലുള്ളതും കാലഘട്ടങ്ങളിലുമുള്ള വെബ് സീരീസുകളാണ് പുറത്തിറങ്ങുന്നത്.

ഒന്നോ രണ്ടോ മണിക്കൂറുകൾ മാത്രം ദൈർഘ്യമുള്ള എപ്പിസോഡുകളായി ഇറക്കുന്ന വെബ്സീരീസുകൾ ഏതു സമയത്തും എവിടെ ഇരുന്നും കാണാം എന്നതാണ് ഇവയെ കൂടുതൽ ജനകീയമാക്കിയത്. വ്യത്യസ്തതയാർന്ന ഉള്ളടക്കവും മികച്ച ഗുണമേന്മയുള്ള ചിത്രീകരണവുമായിരിക്കും മിക്ക വെബ് സീരിസുകൾക്കും. സിനിമകളേക്കാൾ മുതൽമുടക്കുള്ള സീരിസുകളാണ് അധികവും.

കൂടാതെ വിവിധ ഭാഷകളിൽ വിവിധ രാജ്യങ്ങളിൽ ഇറങ്ങുന്ന സീരിസുകൾ ഒരു പ്ലാറ്റ്‌ഫോമിൽ തന്നെ കാണാൻ സാധിക്കും എന്നതും പ്രത്യേകതയാണ്. മറ്റ് ഭാഷകളിലുള്ള മൊഴിമാറ്റവും സബ്ടൈറ്റിലും അതേ സൈറ്റിൽ നിന്ന് കിട്ടുന്നതിനാൽ വേറെയെവിടെയും തപ്പി നടക്കേണ്ട ആവശ്യവുമില്ല. മൊത്തത്തിൽ പറഞ്ഞാൽ ഇഷ്ടം തോന്നി തുടങ്ങിയാൽ നിർത്താൻ പറ്റാത്തതാണ് വെബ് സീരീസ് കാണൽ.

സീരിസ് കണ്ട് തുടങ്ങാൻ താൽപര്യമുള്ളവർക്ക് ഒട്ടും അലോസരമില്ലാതെ കാണാൻ സാധിക്കുന്ന എട്ട് വെബ് സീരീസുകളാണ് താഴെ…

ചെർനോബിൽ

വെബ് സീരീസ് കണ്ട് തുടങ്ങാൻ മടിക്കുന്നവരുടെ ഒരു പ്രധാന പ്രശ്നം സീരിസുകളുടെ ദൈർഘ്യം തന്നെ. ഒന്നോ അതിലധികമോ സീസണുകളിലായി അഞ്ചോ അതിലധികമോ എപ്പിസോഡുകൾ മിക്ക സീരീസുകൾക്കും ഉണ്ടാകും. അതിനാൽ തന്നെ ഒരു വെബ് സീരിസ് സംപ്രേക്ഷണം
കഴിയാൻ വർഷങ്ങളെടുക്കും. ഈ കാലതാമസം ഇഷ്ടപ്പെടാത്തവർക്കു വേണ്ടിയാണ് മിനി സീരിസുകൾ. അതിലൊന്നാണ് എച്ച്ബിഓയുടെ ചെർനോബിൽ. ഹോട്ട് സ്റ്റാറിലാണ് സ്ട്രീം ചെയ്യുന്നത്.

ക്രെയ്ഗ് മാസിൻ എഴുതി ജോൺ റെൻക് സംവിധാനം ചെയ്ത മിനി ടെലിവിഷൻ സീരീസാണ് ചെർനോബിൽ. 1986ൽ സോവിയേറ്റ് യൂണിയനിലുണ്ടായ ആണവനിലയത്തിന്റെ പൊട്ടിത്തെറിയാണ് സീരിസിനാധാരം. ഈ പൊട്ടിത്തെറിയുടെ രാഷ്ട്രീയ വശങ്ങളാണ് സീരീസിൽ കാണാൻ സാധിക്കുക. മൂന്ന് എമ്മി പുരസ്‌കാരങ്ങൾ ഈ വർഷം സീരീസിന് ലഭിച്ചു.

ഫ്രണ്ട്സ്

1994ൽ തുടങ്ങി 2004ൽ സംപ്രേക്ഷണം അവസാനിപ്പിച്ച എൻബിസിയുടെ ഫ്രണ്ട്സ് എന്ന ടെലിവിഷൻ സീരീസ് ഇപ്പോഴും ആളുകൾ കണ്ടുകൊണ്ടിരിക്കുന്നു. ഈ സീരീസ് കുറച്ചെങ്കിലും കാണാത്തവർക്കിത് അവിശ്വസനീയമായിരിക്കും.

പഠനകാലത്തിന് ശേഷം ജോലിക്കായി ന്യൂയോർക്ക് നഗരത്തിൽ ചേക്കേറിയ ആറ് സുഹൃത്തുക്കളുടെ കഥയാണിത്. ഒട്ടും മുഷിപ്പില്ലാതെ കണ്ടിരിക്കാവുന്ന തമാശയിലൂടെയാണ് കഥാഗതി. സിറ്റ് കോം എന്ന വിഭാഗത്തിലാണ് ഫ്രണ്ട്സിന്റെ സ്ഥാനം. തികച്ചും യാഥാർത്ഥ്യം എന്ന് തോന്നുന്ന കഥ പറച്ചിലാണ് സീരീസിന്റെത്. വിഷാദമനുഭവിക്കുന്നവർക്ക് മനസികോല്ലാസം നൽകാൻ ഈ സിറ്റ് കോമിനാകുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

ഗെയിം ഓഫ് ത്രോൺസ്

ജോർജ് ആർ ആർ മാർട്ടിന്റെ നോവൽ സീരിസിനെ ദൃശ്യവത്കരിക്കുകയാണ് ഗെയിം ഓഫ് ത്രോൺസിലൂടെ. എച്ച്ബിഓ നിർമിച്ച സീരിസിന്റെ അവസാനത്തെ സീസൺ റിലീസ് ചെയ്തത് ഈ വർഷമാണ്. ആദ്യ എപ്പിസോഡിൽ തന്നെ പ്രേക്ഷകരെ പിടിച്ചിരുത്താൻ സീരിസിനു കഴിയും.

ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ കണ്ട സീരിസുകളിലൊന്ന് ഇതാണ്. ഈ വർഷത്തെ മികച്ച ഡ്രാമാ സീരിസിനുൾപ്പടെ 58 എമ്മി പുരസ്‌കാരം ഈ സീരിസിന് ലഭിച്ചിട്ടുണ്ട്. അവസാന സീസണ് മോശം റിവ്യൂകളാണ് ലോകത്തെമ്പാടുനിന്നും കിട്ടിയത്. ഈ സീസൺ കഥ മാറ്റിയെടുക്കണമെന്നുവരെ ആരാധകർ ആവശ്യപ്പെട്ടിരുന്നു. പക്ഷെ കണ്ടിരിക്കേണ്ട സീരിസുകളിലൊന്നാണ് ഗെയിം ഓഫ് ത്രോൺസ്. ഹോട്ട് സ്റ്റാറിലാണ് സ്ട്രീമിംഗ്.

സേക്രഡ് ഗെയിംസ്

നെറ്റ്ഫ്ളിക്സിന്റെ ആദ്യത്തെ ഇന്ത്യൻ ഒറിജിനൽ സീരിസാണ് സേക്രഡ് ഗെയിംസ്. ബോളിവുഡ് സംവിധായകരായ അനുരാഗ് കശ്യപും വിക്രമാദിത്യ മോട്ട്വാനെയുമാണ് സംവിധായകർ. രണ്ട് സീസണുകളാണിപ്പോൾ ഇറങ്ങിയിരിക്കുന്നത്.

ക്രൈം ത്രില്ലർ ഗണത്തിലാണ് സീരിസിന്റെ സ്ഥാനം. നവാസുദീൻ സിദ്ദീഖിയും സെയഫ് അലി ഖാനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. വിക്രം ചന്ദയുടെ നോവലിനെ ആസ്പദമാക്കിയാണ് സീരിസ്. മുബൈ നഗരം അടക്കിവാണ അധോലോക നായകൻ ഗണേശ് ഗായ്തൊണ്ടെയാണ് കേന്ദ്ര കഥാപാത്രം.

സമകാലിക ഇന്ത്യയിലെ ഹിന്ദുത്വ അജണ്ടകൾ വിശദമായി ചർച്ച ചെയ്യുന്ന ഈ പരമ്പര കേന്ദ്ര സർക്കാർ വെബ് സീരിസുകൾക്ക് സെൻസർഷിപ്പ് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടതിന് മുഖ്യകാരണങ്ങളിലൊന്നാണ്.

ലിറ്റിൽ തിംഗ്സ്

ഇന്ത്യൻ വെബ് ടെലിവിഷൻ സീരിസായ ലിറ്റിൽ തിംഗ്സ് യുവ മിഥുനങ്ങളുടെ കഥയാണ് പറയുന്നത്. കാവ്യയുടെയും ധ്രുവിന്റെയും ദൈനംദിന ജീവിതത്തിലൂടെ കടന്നു പോകുന്ന സീരിസ് റൊമാന്റിക് ജോണറിൽ പെട്ടതാണ്. പോക്കറ്റ് എയ്സ് നിർമിച്ച സീരിസ് നെറ്റ്ഫ്ളിക്സ് വാങ്ങിക്കുകയായിരുന്നു.

അജയ് ഭുവനും രുചിർ അരുണുമാണ് സംവിധാനം.പരമ്പരയുടെ തിരക്കഥ എഴുതിയ ധ്രുവ് സെഗാളും മിഥിലാ പൽകറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഡാർക്ക്

നെറ്റ്ഫ്ളിക്സിന്റെ തന്നെ ജർമൻ വെബ് സീരിസാണ് ഡാർക്ക്. ബാരൺ ബോ ഓഡറും ജാന്റെ ഫ്രിസെയുമാണ് സംവിധാനം.

വിൻഡൻ എന്ന ചെറു പട്ടണത്തിൽ നടക്കുന്ന കുട്ടികളുടെ തിരോധാനവും അതിലൂടെ വെളിപ്പെടുന്ന മൂന്ന് തലമുറയുടെ ടൈം ട്രാവലുമാണ് കഥ. വളരെ ആകാംക്ഷയും കൗതുകവുമുണർത്തുന്ന രീതിയിലാണ് സീരിസിന്റെ അവതരണം.

സ്ട്രേൻജർ തിംഗ്സ്

അമേരിക്കൻ നെറ്റ്ഫ്ളിക്സ് സീരിസാണ് സ്ട്രേൻജർ തിംഗ്സ്. സയൻസ് ഫിക്ഷൻ ഹൊറർ ജോണറിലാണിത് വരുന്നത്. ഡഫർ സഹോദരന്മാർ സംവിധാനം ചെയ്തിരിക്കുന്ന സീരിസ് ഒരു കൊച്ചു പട്ടണത്തിന്റെ കഥയാണ് പറഞ്ഞിരിക്കുന്നത്.

പ്രൈമറി സ്‌കൂളിൽ പഠിക്കുന്ന നാല് കൂട്ടുകാർക്കിടയിൽ ഒരു പെൺകുട്ടി വന്നുപെടുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സീരിസിന്റെ ഇതിവൃത്തം. ഭൂമിയിൽ തന്നെയുള്ള ഒരു സമാന്തര ലോകത്തെ പറ്റിയാണ് കഥ.

ബ്രെയ്ക്കിംഗ് ബാഡ്

ടെലിവിഷൻ സീരിസുകളിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയ ബ്രെയ്ക്കിംഗ് ബാഡ് സംവിധാനം ചെയ്തിരിക്കുന്നത് വിൻസ് ഗല്ലിഗനാണ്. ക്രൈം ഡ്രാമ ത്രില്ലർ ജോണറിലാണ് സീരിസ്.

കാൻസർ ബാധിതനായ ഒരു കെമിസ്ട്രി പ്രൊഫസർ പണം കണ്ടെത്താനായി മയക്കുമരുന്ന് നിർമിക്കുന്നതാണ് സീരിസിന്റെ പ്രമേയം. പ്രേക്ഷകനെ പിടിച്ചിരുത്താൻ നായകൻ പതിയെ വില്ലനായി മാറുന്ന കരുത്തുറ്റ കഥാഗതിക്ക് കഴിയുന്നു. വളരെ കുറച്ച് കഥാപാത്രങ്ങളുള്ള ഈ സീരിസും നെറ്റ്ഫ്ളിക്സിന്റെതാണ്.

പ്രേക്ഷകരുടെ ആസ്വാദനതലം തന്നെ മാറ്റി മറിക്കാൻ സാധ്യതകളേറെയുള്ള ദൃശ്യാവിഷ്‌കാരങ്ങളാണ് ടെലിവിഷൻ വെബ് സീരിസുകൾ. കാണാൻ താൽപര്യമുള്ളവരെ തീർച്ചയായും തൃപ്തിപ്പെടുത്താൻ ഇവക്കാകും. അല്ലെങ്കിൽ പ്രതീക്ഷിച്ചതിലും വേറെ ലെവലായിരിക്കും മിക്കതും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top