ശബരിമല മണ്ഡലകാല ഒരുക്കങ്ങൾ അവലോകനം ചെയ്ത് മുഖ്യമന്ത്രി

ശബരിമലയിലെ മണ്ഡല-മകരവിളക്ക് സീസൺ ഒരുക്കങ്ങൾ അവലോകനം ചെയ്ത് മുഖ്യമന്ത്രി. മണ്ഡലകാലം ആരംഭിക്കുന്നതിന്റെ മുന്നോടിയായി ശബരിമല തീർത്ഥാടകർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിന് ദേവസ്വം ബോർഡും വിവിധ സർക്കാർ വകുപ്പുകളും നടത്തുന്ന പ്രവർത്തനങ്ങളാണ് മുഖ്യമന്ത്രി അവലോകനം ചെയ്തത്.
ഇടത്താവളങ്ങളിലെ സൗകര്യങ്ങളെല്ലാം പൂർത്തിയായിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ യോഗത്തിൽ പറഞ്ഞു. ശുദ്ധജല വിതരണം, ചികിത്സാ സൗകര്യം, മലിനീകരണ നിയന്ത്രണം, ശുചിമുറി സൗകര്യം, സുരക്ഷ, യാത്രാ സൗകര്യം, റോഡുകളുടെ അറ്റകുറ്റപ്പണി, ശബരിമലയിൽ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥർക്കുള്ള താമസ സൗകര്യം തുടങ്ങിയ കാര്യങ്ങളെല്ലാം യോഗം വിശകലനം ചെയ്തു.
ചികിത്സാ സൗകര്യം ഉറപ്പാക്കുന്നതിന് ആരോഗ്യവകുപ്പ് വിപുലമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അധികമായി 300 ജീവനക്കാരെ ശബരിമലയിലേക്ക് നിയോഗിച്ചു. നിലയ്ക്കൽ- പമ്പ റൂട്ടിൽ കെഎസ്ആർടിസിയുടെ 210 സർവീസുണ്ടാകും. ശബരിമലയിലേക്കുള്ള റൂട്ടുകളിൽ നിലവിലുള്ള സർവീസുകൾക്ക് പുറമേ 379 എണ്ണം ഏർപ്പെടുത്തിയിട്ടുണ്ട്.
യോഗത്തിൽ എംഎൽഎ മാരായ രാജു അബ്രഹാം, ഇഎസ് ബിജിമോൾ, ചീഫ് സെക്രട്ടറി ടോം ജോസ്, ദേവസ്വം ബോർഡ് പ്രസിഡൻറ് എം പത്മകുമാർ, പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, എഡിജിപിമാരായ അനന്തകൃഷ്ണൻ, ആർ ശ്രീലേഖ, ദേവസ്വം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിഹ്ന തുടങ്ങിയവരും വിവിധ വകുപ്പ് മേധാവികളും പങ്കെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here