‘ആ ഫ്രീകിക്ക് കൃത്യമായ തന്ത്രം തന്നെ’; കളിക്കാർക്കിടയിൽ സ്വരച്ചേർച്ചയില്ലെന്ന വാദമുഖങ്ങളെ തള്ളി ബ്ലാസ്റ്റേഴ്സ് താരം ജെസ്സെൽ

ബ്ലാസ്റ്റേഴ്സിൻ്റെ ഒഡീഷക്കെതിരെ നടന്ന മത്സരം ഗോൾരഹിത സമനിലയായിരുന്നു. മത്സരത്തിനിടെ ഒരു വിചിത്രമായ ഫ്രീകിക്ക് പിറന്നിരുന്നു. ബ്ലാസ്റ്റേഴ്സിന് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് സെർജിയോ സിഡോഞ്ചയാണ് എടുത്തത്. കിക്കെടുക്കാൻ പ്രതിരോധ താരം ജെസ്സെൽ കാർനീറോയാണ് ആദ്യം ഓടിവരുന്നത്. അദ്ദേഹം ഓടിമാറുന്നു. ശേഷം സിഡോ കിക്കെടുത്തില്ലെന്ന ഭാവത്തിൽ ജെസ്സെൽ ദേഷ്യപ്പെടുന്നു. ഇതിനിടെ സിഡോ കിക്കെടുക്കുന്നു.
ആ ഫ്രീകിക്കിനെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ ഉയർന്നു. കളിക്കാർക്കിടയിൽ സ്വരച്ചേർച്ചയില്ലെന്നും അത് അബദ്ധം പറ്റിയതാണെന്നും അഭിപ്രായങ്ങൾ ഉയർന്നു. മലയാളം കമൻ്ററിക്കിടെ ഷൈജു ദാമോദരനും ഇത്തരത്തിൽ അഭിപ്രായപ്പെട്ടിരുന്നുവെന്നും ആരാധകർ വ്യക്തമാക്കിയിരുന്നു. ഇതിൻ്റെ ചുവടുപിടിച്ചായിരുന്നു ചർച്ചകൾ. എന്നാൽ ഇപ്പോഴിതാ ജെസ്സെൽ കാർനീറോ തന്നെ ഇത്തരം ആരോപണങ്ങളെ നിഷേധിച്ചു കൊണ്ട് രംഗത്തെത്തി.
“ഒരു കാര്യം വ്യക്തമാക്കട്ടെ സുഹൃത്തുക്കളേ, അത് സ്വരച്ചേർച്ച ഇല്ലാതിരുന്നതോ ഞാൻ സിഡോയോട് ദേഷ്യപ്പെട്ടതോ അല്ല. അത് പ്രൊഫഷണലുകൾ പ്രയോഗിക്കുന്ന ഒരു പ്രൊഫഷണൽ ട്രിക്ക് ആണ്. ദയവു ചെയ്ത് ഇത് വീട്ടിൽ പരീക്ഷിക്കരുത്.”- തൻ്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ ജെസ്സെൽ കുറിച്ചു.
മത്സരത്തിൽ സമനില വഴങ്ങിയ ബ്ലാസ്റ്റേഴ്സ് ഗംഭീര കളിയാണ് കാഴ്ച വെച്ചത്. ആദ്യ പകുതിയിൽ തന്നെ രണ്ട് താരങ്ങൾക്ക് പരിക്ക് പറ്റിയ ആതിഥേയർ ആ പകുതി കളിച്ചത് ആറു മലയാളി താരങ്ങളുമായാണ്. ബ്ലാസ്റ്റേഴ്സിനെ റഫറിയുടെ രണ്ട് മോശം തീരുമാനങ്ങളും ദൗർഭാഗ്യവുമാണ് ചതിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here