ശാന്തൻപ്പാറ റിജോഷ് വധം; വസീമിന്റേയും ലിജിയുടേയും ആരോഗ്യനില ഗുരുതരമായി തുടരുന്നു

ഇടുക്കി ശാന്തൻപ്പാറ റിജോഷ് വധക്കേസിൽ മുഖ്യപ്രതികളായ വസീമിന്റേയും ലിജിയുടേയും ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന ലിജിയുടെ രണ്ടരവയസുകാരി മകൾ ജോവാനയെ മുംബൈയിൽ സംസ്‌ക്കരിക്കും. കൊല്ലപ്പെട്ട റിജോഷിന്റെ ബന്ധുക്കൾ ഉടൻ മുംബൈയിലെത്തും.
ശനിയാഴ്ചയാണ് വസീമിനെയും ലിജിയെയും മുംബൈ പൻവേലിലെ ഒരു ഹോട്ടലിൽ വിഷം കഴിച്ചനിലയിൽ കണ്ടെത്തിയത്. ഇവർക്കൊപ്പമുണ്ടായിരുന്ന കുഞ്ഞ് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചു. ഇതിനിടെ ഇടുക്കിയിൽ നിന്നുള്ള അന്വേഷണ സംഘവും മുംബൈയിലെത്തി. റിജോഷിന്റെ ബന്ധുക്കളും മുംബൈയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് റിജോഷിനെ, ശാന്തൻപാറയിലെ റിസോർട്ട് ഭൂമിയിൽ കൊന്ന് ചാക്കിൽക്കെട്ടി കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയത്. കേസിൽ കുറ്റസമ്മതം നടത്തിയുള്ള റിസോർട്ട് മാനേജർ വസീമിന്റെ വീഡിയോ സന്ദേശം അന്വേഷസംഘത്തിന് അന്ന് തന്നെ ലഭിച്ചിരുന്നു. കൃത്യം നടത്തിയത് താനാണെന്നും മറ്റാർക്കും ഇതിൽ പങ്കില്ലെന്നും സമ്മതിക്കുന്നതായിരുന്നു വീഡിയോ. കേസിൽ വസീമിന്റെ സഹോദരൻ ഫഹദ് പതിനാലു ദിവസത്തേക്ക് റിമാൻഡിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here