പന്തീരാങ്കാവ് അറസ്റ്റ്: പ്രതികളുടെ മാവോയിസ്റ്റ് ബന്ധം സ്ഥിരീകരിച്ച് സിപിഐഎം റിപ്പോർട്ട്

അലന്റെയും താഹയുടെയും മാവോയിസ്റ്റ് ബന്ധം സ്ഥിരീകരിച്ച് സിപിഐഎം ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്ക് റിപ്പോർട്ട് നൽകി. ഇരുവർക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ട അടിസ്ഥാനത്തിലായിരുന്നു നടപടി. യുഎപിഎ ചുമത്തിയത് തെറ്റാണെന്ന സിപിഎം റിപ്പോർട്ടിൽ ആവര്‍ത്തിച്ചു.
ഇന്നലെ വിളിച്ച് ചേർത്ത പാർട്ടി ജനറൽ ബോഡി യോഗങ്ങളിലും ഇരുവർക്കും മാവോയിസ്റ്റ് ബന്ധം ഉണ്ടെന്ന് റിപ്പോർട്ട് ചെയ്തു. അലൻ ഷുഹൈബ് അംഗമായ മീഞ്ചന്ത ബൈപ്പാസ് ബ്രാഞ്ച് കമ്മിറ്റി ഉൾപ്പെടുന്ന പന്നിയങ്കര ലോക്കൽ കമ്മിറ്റി ജനറൽ ബോഡിയിലും കൂടാതെ മറ്റ് ലോക്കൽ ജനറൽ ബോഡികളിലുമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
റിപ്പോർട്ട് ചെയ്ത കാര്യങ്ങൾ ബ്രാഞ്ച് കമ്മിറ്റിയിൽ ചർച്ച ചെയ്യാൻ നിർദേശമുണ്ട്. നിലപാടിൽ നിന്ന് പാർട്ടി അംഗങ്ങൾ തീവ്ര നിലപാടിലേക്ക് കടക്കുന്നുണ്ടോയെന്ന് അതാത് ഘടകങ്ങൾ ശ്രദ്ധിക്കണം.
അതേ സമയം യുഎപിഎ കേസിൽ റിമാൻഡിൽ കഴിയുന്ന സിപിഐഎം പ്രവർത്തകരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് അപേക്ഷ സമർപ്പിച്ചു.
പ്രതികളെ അഞ്ച് ദിവസത്തേക്ക് ചോദ്യം ചെയ്യാൻ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് അപേക്ഷ. അപേക്ഷ കോടതി നാളെ പരിഗണിക്കും.
കേസിൽ മൂന്നാമതൊരാൾ ഉണ്ടെന്ന് അന്വേഷണസംഘം അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here